ദേശീയപാത –66: സ്ഥലമേറ്റെടുക്കൽ ആഗസ്റ്റിൽ പൂര്‍ത്തിയാക്കും
text_fieldsകൊച്ചി: ദേശീയപാത -66 വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന നടപടി ആഗസ്റ്റില്‍ പൂര്‍ത്തിയാക്കും. കാസർകോട് മേഖലയിെല സ്ഥലം ഏറ്റെടുപ്പിന് തുക നൽകുന്നതിന് പകരം പെരിയയില്‍ കണ്ടെത്തിയ 35 ഏക്കര്‍ സർക്കാർ ഭൂമി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് വിട്ടുകൊടുക്കും.
ദേശീയപാത വികസനം സംബന്ധിച്ച് ബോള്‍ഗാട്ടി ലുലു കണ്വെന്ഷന് സെൻററില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയെൻറയും നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്രയിലെ പനവേലിയിൽനിന്ന് കന്യാകുമാരി വരെ നീളുന്നതാണ് നേരത്തേ 17 എന്നറിയപ്പെട്ടിരുന്ന ഇൗ ദേശീയ പാത. പരിസ്ഥിതി, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചശേഷം ലഭ്യമായതിൽ ഏറ്റവും യോഗ്യമായ സ്ഥലങ്ങളാണ് ദേശീയപാത വികസനത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പോള്‍ ആൻറണി യോഗത്തിൽ പറഞ്ഞു. കാസർകോട് തലപ്പാടി -ചെങ്ങല റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കാൻ ഹെക്ടറിന് ഏഴരകോടിയിലധികം രൂപ ചെലവു വരുമെന്ന്് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവു അറിയിച്ചു.
തുടർന്നാണ് ദേശീയപാത അതോറിറ്റിക്ക് പകരം സർക്കാർ സ്ഥലം നൽകാൻ തീരുമാനമായത്. സംസ്ഥാനത്തിെൻറ അഭ്യർഥന പ്രകാരം കോഴിക്കോട് ജില്ലയിലെ മൂരാട്, പാലോളി പാലങ്ങളുടെ നിര്‍മാണം അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ അതോറിറ്റി തീരുമാനിച്ചു. സ്ഥലമെടുപ്പിന് ചെലവ് കുറയുന്ന രീതിയിൽ അലൈൻമെൻറ് മാറ്റാമെന്ന നിർദേശം കേന്ദ്ര മന്ത്രി മുന്നോട്ടുവെച്ചെങ്കിലും ഇത് അപ്രായോഗികമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തള്ളി.
തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള സാഗരമാല പദ്ധതികളുടെ വിശദ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശം നൽകി. ഭാരതമാല പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാ പദ്ധതികളും വേഗത്തിലാക്കും. ദേശീയപാത 66ന് പുറമെ കഴക്കൂട്ടം-മുക്കോല, കൊച്ചി-മധുര, കൊല്ലം-തേനി, തൃശൂര്‍ -വാളയാര്‍ പദ്ധതികള്‍ ഇതിെൻറ ഭാഗമായാണ് വരുന്നത്. ജലഗതാഗതം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ചീഫ്സെക്രട്ടറി പറഞ്ഞു. ജലഗതാഗത പാത വികസിപ്പിക്കാന്‍ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റ് ദേശീയപാത പദ്ധതികളുടെ പുരോഗതി അവലോകനവും യോഗത്തില്‍ നടന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്, കോംപീറ്റൻറ് അതോറിറ്റി ലാൻഡ് അക്വിസിഷന്‍ (കാല) സ്പെഷല്‍ ഓഫിസര്‍ ബിജു, കലക്ടര്‍മാർ, ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.