ദേശീയപാത സർവേ: സമരം ശക്തമാക്കും -സമരസമിതി
text_fieldsമലപ്പുറം: കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരെ മർദിച്ചൊതുക്കി 45 മീറ്റർ ചുങ്കപ്പാതക്ക് സ്ഥലമെടുപ്പ് സർവേ ആരംഭിച്ച സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി. ജില്ലയിലെ എം.എൽ.എമാരുടെയും എം.പിമാരുടെയും വീടുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും സമരം ശക്തമാക്കാനുമാണ് തീരുമാനം. ജില്ലയിൽ 1500ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സർവേ നടക്കുമ്പോൾ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ബി.ഒ.ടി മാഫിയയുടെ ദല്ലാൾമാരായി അധഃപതിച്ചിരിക്കുകയാണെന്ന് എൻ.എച്ച്. ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുല്ലൈസ് തേഞ്ഞിപ്പലം ആരോപിച്ചു.
ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സർക്കാർ ദേശീയപാത സ്വകാര്യവൽക്കരിക്കുവാൻ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ ഡോ. ആസാദ് പറഞ്ഞു.
ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കുന്ന പിണറായി സർക്കാർ കേരളത്തിലും സിംഗൂരുകൾ സൃഷ്ടിക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. െഎ.എൻ.എൽ, വെൽഫെയർ പാർട്ടി, പി.ഡി.പി, ആം ആദ്മി പാർട്ടി എന്നിവയുടെ പിന്തുണ സമരസമിതിക്കുണ്ട്. വിവിധ സംഘടന പ്രതിനിധികളായ പ്രദീപ് മേനോൻ, ഹാഷിം ചേന്ദാംപള്ളി, മുനീബ് കാരകുന്ന്, ഷൈലോക് വെളിയംകോട്, ടി.കെ. സുധീർ കുമാർ, സലാം മുന്നിയൂർ, സി.കെ. ശിവദാസൻ, ടി.പി. തിലകൻ എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.