കോവിഡ് കാലത്തും സർവ്വേ നടപടികളുമായി ദേശീയപാത അതോറിറ്റി: പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ
text_fieldsമലപ്പുറം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡം പാലിക്കാതെ സർവ്വേ നടപടികളുമായി മുന്നോട്ടുപോകുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ ദിവസങ്ങളിൽ വെന്നിയൂരിലും സമീപപ്രദേശമായ കാച്ചടിയിലും കരിമ്പിലും പത്തോളം വരുന്ന ദേശീയപാത ഉദ്യോഗസ്ഥർ സർവേ നടപടികൾക്കാണെന്ന് പറഞ്ഞ് എല്ലാ വീട്ടിലും കയറി ഇറങ്ങുന്നത് നാട്ടുകാരും ദേശീയപാത ഇരകളും തടഞ്ഞിരുന്നു.
അനുവാദം പോലും ചോദിക്കാതെ സർവ്വേ നടപടികളുമായി വീട്ടിൽ കയറിയ ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ച് അയക്കുകയും ചെയ്തു. കോവിഡ് സമൂഹ വ്യാപനത്തിൽ എത്തിനിൽക്കെ ഇപ്പോഴുള്ള ഈ സർവ്വേ നടപടികളിൽ നിന്നും സർക്കാറും ദേശീയപാത അതോറിറ്റിയും ഉടൻ പിന്മാറണമെന്നും ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും രോഗികളും താമസിക്കുന്ന വീടുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും സർവ്വേ നടപടിക്കായി കയറി ഇറങ്ങുന്നത് കോവിഡ് കാലത്ത് അനുവദിക്കില്ല. ഏതുവിധേനയും ഈ മഹാമാരി കാലത്ത് സർവ്വേ നടപടികൾക്കായി ഉദ്യോഗസ്ഥർ വന്നാൽ ഇരകളും നാട്ടുകാരും തടയും. ഈ മഹാമാരി കാലത്ത് ദേശീയപാതയുടെ എല്ലാ സർവ്വേ നടപടികളും നിർത്തിവെക്കണമെന്ന് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മറ്റി യോഗത്തിൽ ചെയർമാൻ കുഞ്ഞാലൻ ഹാജി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ, ജില്ലാ ട്രഷറർ മുരളി ഇടിമുഴിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.