ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാർ
text_fieldsധർമശാല: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടയിൽ ധർമശാലക്കും വേളാപുരത്തിനും ഇടയിൽ വട്ടംചുറ്റി യാത്രക്കാർ.
മാങ്ങാട് കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സമീപത്ത് നിന്നു മാത്രമാണ് മൂന്നര കിലോമീറ്ററിനുള്ളിൽ മറുഭാഗത്തേക്ക് വാഹനങ്ങൾക്ക് കടക്കാനുള്ള ഏക മാർഗം. ധർമശാലയിൽനിന്ന് മറു ഭാഗത്തെ സർവിസ് റോഡിലേക്ക് കടക്കാൻ സംവിധാനമുണ്ടെങ്കിലും പാതയുടെ പടിഞ്ഞാറ് ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ കയറാൻ സംവിധാനമില്ല.
അതുപോലെ കീച്ചേരിയിലടക്കം വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിൽ വ്യക്തമായ ദിശാ സൂചന ബോർഡുകളില്ലാതെ വഴിതെറ്റി യാത്ര ചെയ്യുന്നവരും ധാരാളം. രാത്രി കാലത്താണ് ഇത്തരം യാത്രാ പ്രശ്നങ്ങൾ ദേശീയപാതയിലൂടെ പോകുന്നവർക്ക് കൂടുതലായി അനുഭവപ്പെടുന്നത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ വഴിതിരിച്ച് സർവീസ് റോഡ് വഴിയാണ് വിടുന്നത്. പിന്നീട് മറുഭാഗത്തേക്ക് പോകുന്ന റോഡിലേക്ക് കയറാൻ വട്ടം ചുറ്റി മാങ്ങാട് വരെചെന്ന് കണ്ണപുരം ചൈനാ ക്ലേ റോഡിലേക്ക് കയറാം. പാത വികസനം നടക്കുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ദേശീയപാതക്കായി നിർമിക്കുന്ന വൻ മതിൽ കൂടി വന്നാൽ മറുഭാഗത്തേക്ക് എങ്ങനെ കടക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രശ്നം കരാറുകാരോടും ദേശീയപാത അധികൃതരോടും നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ധർമശാലയിൽ മേൽപ്പാലം വന്നാലും അതിന്റെ ദൈർഘ്യം കെൽട്രോൺ വരെ നീട്ടുന്നില്ലെങ്കിൽ ജനങ്ങൾ വട്ടം കറങ്ങേണ്ടിവരും. പ്രവൃത്തികൾക്കിടയിലെ ട്രാഫിക് സംവിധാനത്തിൽ കൂടുതൽ വലഞ്ഞത് രോഗികളും വയോജനങ്ങളും വിദ്യാർഥികളുമാണ്.
രോഗികൾക്ക് ബക്കളം, പറശ്ശിനിക്കടവ് ഭാഗങ്ങളിലേക്കുള്ള ആശുപത്രികളിൽ എത്തുന്നതിന് നിലവിൽ വട്ടം ചുറ്റണം. നഗരസഭ, ബാങ്ക്, കൃഷി ഓഫിസ്, വില്ലേജ് ഓഫിസ്, രജിസ്ട്രാർ ഓഫിസ് എന്നിവടങ്ങളിലേക്കെല്ലാം പോകേണ്ടവർക്ക് നിലവിൽ കിലോമീറ്ററുകളോളം അധികദൂരം സഞ്ചരിച്ചാൽ മാത്രമേ ലക്ഷ്യത്തിലെത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.