പാലിയേക്കര ടോൾ പിരിവ് നീട്ടിയത് നിയമപരമായെന്ന് ദേശീയപാത അതോറിറ്റി
text_fieldsകൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത പാലിയേക്കരയിലെ ടോൾപിരിവ് കരാർ കമ്പനിക്ക് 2028 വരെ നീട്ടി നൽകിയത് നിയമപരമായാണെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ. ദേശീയപാതകളുടെ നടത്തിപ്പ് ചുമതല കേന്ദ്ര സർക്കാറിനാണെന്നും പാലങ്ങളും റോഡുകളുമായി ബന്ധപ്പെട്ട സേവനത്തിന് ലെവി പിരിക്കാൻ ദേശീയപാത നിയമത്തിലെ വിവിധ വകുപ്പുകൾ കേന്ദ്രസർക്കാറിന് അധികാരം നൽകുന്നുണ്ടെന്നും അതോറിറ്റി പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദറിെൻറ വിശദീകരണത്തിൽ പറയുന്നു.
നിലവിലെ ടോൾ പിരിവിലൂടെ നിർമാണത്തിന് ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാൽ കരാർ നീട്ടിയ നടപടി തടയണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ലെവി നിരക്ക് നിശ്ചയിക്കാനും എങ്ങനെ ഈടാക്കണമെന്ന് തീരുമാനിക്കാനും സർക്കാറിന് അധികാരമുണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു. 2006 മാർച്ചിലാണ് നിർമാണ കരാറെങ്കിലും സാങ്കേതിക നടപടി പൂർത്തിയാക്കി സെപ്റ്റംബറിലാണ് നിലവിൽ വന്നത്. ടോൾ പിരിക്കാൻ 2011 ജൂൺ 20നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വർഷംതോറുമുള്ള ടോൾ പുതുക്കലും അത് കണക്കാക്കുന്ന രീതിയും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2006 മാർച്ചിലെ നിർമാണ കരാറുമായി ബന്ധപ്പെട്ട് 2021ലാണ് ഹരജി നൽകിയിരിക്കുന്നത്. 2011ലെ ടോൾ പിരിവ് വിജ്ഞാപനെത്തയും അന്നൊന്നും ചോദ്യം ചെയ്തിട്ടില്ല.
ആരോപണങ്ങൾക്ക് തെളിവ് ചൂണ്ടിക്കാട്ടാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. കമ്പനിക്കെതിരെ കേസുള്ളത് നിർമാണ കരാറുമായി ബന്ധപ്പെട്ടല്ല. വസ്തുതാപരമായും നിയമപരമായും നിലനിൽക്കാത്ത വാദങ്ങളുന്നയിക്കുന്ന ഹരജി നിലനിൽക്കില്ലെന്നും തള്ളണമെന്നുമാണ് അതോറിറ്റിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.