Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ ദേശീയതലത്തിൽ...

കേരളത്തെ ദേശീയതലത്തിൽ കരിതേച്ചു കാണിക്കാൻ നീചമായ ശ്രമങ്ങൾ നടക്കുന്നു: മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മികവുകളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമങ്ങൾ രാജ്യത്തു നടക്കുന്നതായും ദേശീയതലത്തിൽ കേരളത്തെ കരിതേച്ചുകാണിക്കാനുള്ള നീചമായ പ്രചാരണങ്ങളും അതിന്റെ ഭാഗമായുള്ള പ്രൊപ്പഗാൻഡ സിനിമകളും വരെ ഉണ്ടാകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിലുണ്ടാകുന്ന ചില സമകാലിക സംഭവങ്ങൾ ആരിലും ആശങ്കയുയർത്തുന്നതാണെന്ന് കളമശ്ശേരി സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരിയിലുണ്ടായ ദൗർഭാഗ്യ സംഭവത്തിന്റെ വിവരം കേട്ടയുടൻ അതിനെ വർഗീയവത്കരിക്കാനും വർഗീയ വികാരം കത്തിച്ചു വർഗീയ ചേരിതിരിവു സൃഷ്ടിക്കാനും ശ്രമമുണ്ടായി. നാട്ടിലുള്ള ചില കുത്സിത ശക്തികളാണ് ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചത്. പക്ഷേ കേരളം ആ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഒറ്റക്കെട്ടായി അണിനിരന്നു.

വർഗീയ പ്രചാരണത്തിന് നവോത്ഥാന നായകരെത്തന്നെ കരുക്കളാക്കാൻ ശ്രമിക്കുന്ന കാഴ്ചയും കാണുന്നുണ്ട്. അതു തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണം. നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ ചരിത്രവിരുദ്ധമാംവിധം ഉപയോഗിക്കാൻ വിട്ടുകൊടുക്കില്ലെന്ന നിർബന്ധബുദ്ധിയുണ്ടാകണം. ലോകശ്രദ്ധയാർജിക്കുന്ന നിലയിലേക്കു കേരളം വളർന്നത് ജനകീയ സമരങ്ങളുടേയും പുരോഗമന മുന്നേറ്റങ്ങളുടേയും ഫലമായാണ്. പക്ഷേ അങ്ങനെയൊന്നുമല്ലെന്നു വരുത്തിത്തീർക്കൻ വലിയ ശ്രമം രാജ്യത്തു നടക്കുന്നു. രാജ്യത്തിന്റെ ചരിത്രം ഒരു പ്രത്യേക വിഭാഗത്തിന്റേതുമാത്രമാണെന്ന തരത്തിലുള്ള പ്രചാരണമുണ്ടാകുന്നു. അതിനായി യഥാർഥ ചരിത്രം മറച്ചുവയ്ക്കുകയും വ്യാജ ചരിത്രം നിർമിക്കുകയും ചെയ്യുന്നു. ഇത് അംഗീകരിച്ചു മുന്നോട്ടുപോകാൻ പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹത്തിനു കഴിയില്ല. അവയ്‌ക്കെതിരായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയണം.

നവോത്ഥാന പ്രസ്ഥാനങ്ങൾക്കു തുടക്കംകുറിച്ച പല നാടുകളിലും അവയ്ക്കു തുടർച്ചയുണ്ടാകാതിരുന്നതിനാൽ അവിടങ്ങളിൽ ഇന്നു വർഗീയ സംഘർഷങ്ങളും വിദ്വേഷ ചിന്തകളും വ്യാപകമാകുകയാണ്. നവോത്ഥാനത്തിനു തുടർച്ചയുണ്ടായ നാടുകളും ഇല്ലാതായ നാടുകളും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടു പോകണമെന്നതിന് ഇന്നത്തെ കാലത്ത് അതീവ പ്രാധാന്യമുണ്ട്. നവോത്ഥാന മുന്നേറ്റത്തിന്റെ കാലം കഴിഞ്ഞില്ലേയെന്നും പിന്നെന്തിനാണ് അതു പറഞ്ഞിരിക്കുന്നതുമെന്ന് നിരുപദ്രവകരമെന്ന മട്ടിൽ ചിലർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം സന്ദേഹക്കാർ കൃത്യമായ അജണ്ടയോടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. ആ സന്ദേഹത്തിനു മറുപടി നൽകുമ്പോൾ മാത്രമേ നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ ഫലപ്രദമാകൂ.

സാഹോദര്യത്തെ സാധ്യമാക്കുന്നതു മതനിരപേക്ഷതയാണ്. ജാതിനിരപേക്ഷ സമൂഹവും മതനിരപേക്ഷ സമൂഹവും തമ്മിൽ വ്യത്യാസമുണ്ട്. ജാതി ചോദിക്കരുത്, പറയരുതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ജാതി രഹിത സമൂഹം. അതിൽ ജാതി ഇല്ലാതാകുന്നുവെന്നും അല്ലെങ്കിൽ പ്രസക്തമേ അല്ലാതാകുന്നുവെന്നുമാണുള്ളത്. മതനിരപേക്ഷ സമൂഹമെന്നതു മതമില്ലാത്ത സമൂഹമല്ല. അവിടെ മതവും വിശ്വാസ സ്വാതന്ത്ര്യവുമുണ്ട്. അതൊക്കെ നിലനിർത്തുമ്പോഴും മതം ചോദിക്കാതെയും പറയാതെയും മനുഷ്യർ സാഹോദര്യത്തിൽ കഴിയുകയാണ്. അവിടെ മതത്തിന്റെ നിരാകരണമല്ല, മതത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിന്റെ നിരാകരണം മാത്രമേയുള്ളൂ. വ്യത്യസ്ത മതവിശ്വാസങ്ങളുള്ളപ്പോഴും മനസുകൊണ്ട് ഒരുമിക്കുകയെന്നത് കേരള സമൂഹത്തിന്റെ സഹജ സ്വഭാവമാണ്. മതത്തെ ഉപേക്ഷിക്കാതിരിക്കലും അതേസമയം ദുരുപയോഗിക്കാതിരിക്കലും ആണ് അതുകൊണ്ട് ഉദ്ദേശിക്കന്നത്. ഈ സഹജ സ്വഭാവത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്നു നടക്കുകയാണ്. ഇതിനെതിരായ ജാഗ്രതയോടെയുള്ള ഇടപെടൽ നടത്താൻ നവോത്ഥാന സമിതിക്കു കഴിയണം.

നവോത്ഥാന സംരക്ഷണ സമിതിയിലെ അംഗ സംഘടനകൾ സർക്കാരിനു മുന്നിൽ നൽകിയിട്ടുള്ള ആവശ്യങ്ങളിൽ ഭരണ നടപടികൾ ആവശ്യമുള്ളവ പരിശോധിക്കുന്നതിന് സമിതി നിശ്ചയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവർഗ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, പട്ടികജാതി വകുപ്പ് ഡയറക്ടർ, പട്ടിക വർഗ വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളാണെന്നും സമിതി ഇവ പരിശോധിച്ച് സമയബന്ധിതമായി സർക്കാരിനു ശുപാർശ സമർപ്പിക്കണമെന്നു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്.ടി.എ. ഹാളിൽ നടന്ന ചടങ്ങിൽ മുൻ എം.പി കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു. കെ. ശാന്തകുമാരി എം.എൽ.എ, മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർ, പി. രാമഭദ്രൻ, അഡ്വ. കെ.പി. മുഹമ്മദ്, കെ.പി. നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanKerala News
News Summary - National-Level Efforts to Discredit Kerala Underway -Chief Minister
Next Story