രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെ അംഗീകാരവും, തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെ പുന:അംഗീകാരവും നേടിയെടുത്തു. കുടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 77 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 117 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.
എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.