എൽ.ഡി.എഫ് വിജയത്തിന് ദേശീയ പ്രസക്തി -വിജയരാഘവൻ; വെള്ളിയാഴ്ച വിജയാഘോഷം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. വളർന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്‍റെ വലിയ ചുവടുവെപ്പാണ് ഈ വിജയം. ബദല്‍രാഷ്ട്രീയധാരക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. ബി.ജെ.പിയെ നേരിടാനുളള രാഷ്ട്രീയചേരിയുടെ തുടക്കമാകുമിതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്‍റെ പ്രവർത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇപ്പോൾ വ്യക്തമായത്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് കേരളത്തെ തകർക്കാനുള്ള ശ്രമമായിരുന്നു കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിപക്ഷവും അതിന് കൂട്ടുനിന്നു. എന്നിട്ടും ചരിത്രവിജയമാണ് എൽ.ഡി.എഫ് നൽകിയത്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്കെതിരെ മുന്നോട്ടുപോകാൻ സാധിക്കുന്നില്ല. കോൺഗ്രസിന്‍റെ തകർച്ചയുടെ വേഗത വർധിക്കുകയാണ്. എവിടെയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് കഴിയുന്നില്ല.
മേയ് ഏഴിന് എൽ.ഡി.എഫ് വിജയാഘോഷം നടത്തും. തെരുവുകളിൽ ഇറങ്ങിയുള്ള ആഘോഷം അല്ല. പ്രവർത്തകരും വോട്ടർമാരും എല്ലാവരും വീടുകളിൽ ദീപം തെളിയിച്ച് വിജയാഹ്ലാദം പങ്കിടും. 18ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന് ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്‌ക്കുകയെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.