കൃത്യമായി വേതനമില്ല; തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: പണി പൂർത്തിയാക്കിയിട്ടും തൊഴിലാളികൾക്ക് കൃത്യമായ വേതനം കിട്ടാതെ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ. കേന്ദ്രസർക്കാറിൽനിന്ന് അനുവദിക്കുന്ന ഫണ്ട് കിട്ടാനുള്ള കാലതാമസമാണ് പ്രധാന പ്രശ്നം. മൂന്നുമാസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പഞ്ചായത്തിലെ എൻ.ആർ.ഇ.ജി ജീവനക്കാർ കൃത്യമായി മസ്റ്റ്റോൾ എൻട്രോൾ ചെയ്താലും വേഗമുണ്ടാകില്ലെന്നാണ് പരാതി.
ഒരു വസ്തുവിന്റെ സർവേ നമ്പർ എൻട്രോൾ ചെയ്താൽ കുറേ വർഷത്തേക്ക് അവിടെ കൃഷിയടക്കമുള്ളവ നടത്താൻ പാടില്ലെന്നാണ് കേന്ദ്രനിയമം. ഇതിനാൽ തരിശുഭൂമിയടക്കം കണ്ടെത്തി പദ്ധതികൾ ആവിഷ്കകരിക്കാൻ കഴിയുന്നില്ല. തരിശുഭൂമിയിൽ തുടർച്ചയായി മൂന്നുവർഷം കൃഷിയൊരുക്കാൻ കഴിയാത്തതും തിരിച്ചടിയാണ്. ഓണക്കാലത്തെ പൂകൃഷിയാണ് പലയിടത്തും നടക്കുന്നത്. ഹൈബ്രിഡ് തൈകളും വളവും അനുബന്ധ ചെലവുകളും കണ്ടെത്തണം.
പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന ചില പദ്ധതികൾ മാത്രമാണ് കാര്യക്ഷമായി നടക്കുന്നത്. തൊഴിൽ നിലനിർത്തുന്നതിന്റെ ഭാഗമായി പൂകൃഷിയൂം വനവത്കരണത്തിന്റെ ഭാഗമായുള്ള തൈകൾ നട്ടുപിടിപ്പിക്കുന്നതുമാണ് ജോലികൾ. ഓട നിർമാണം, റോഡിന്റെ കോൺക്രീറ്റ് അടക്കമുള്ള ഏറ്റെടുക്കാമെങ്കിലും മെറ്റീരിയൽ ഫണ്ട് കുറവായതിനാൽ കരാറുകാർ ഇതിന് തയാറാവുന്നില്ല. ചില ജോലികൾക്ക് അനുമതി ഇല്ലാതായതും പദ്ധതിക്ക് തിരിച്ചടിയായി.
ഓരോവർഷവും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന തുകയും കുറയുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിരവധി തൊഴിൽ കാർഡുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം 346 രൂപയാണ് വേതനം. നേരത്തെ 333 രൂപയായിരുന്നു. അുടത്തിടെയാണ് 13 രൂപ വർധിപ്പിച്ചത്. പലപ്പോഴും ഇത് കുടിശ്ശികയാണ്. സംസ്ഥാനത്ത് ആകെ 20,13,003 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളത്. വർഷങ്ങളായി ജോലിക്ക് അപേക്ഷിക്കാതിരിക്കുന്നവർ, മരണപ്പെട്ടവർ, താമസം മാറ്റിയവർ എന്നിവരെയാണ് ഒഴിവാക്കുന്നത്. ചട്ടങ്ങൾ പാലിക്കാതെയാണ് തൊഴിൽ കാർഡുകൾ റദ്ദാക്കുന്നതെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം അവസാനമാണ് വ്യാപകമായ റദ്ദാക്കൽ തുടങ്ങിയത്. 100 ദിനങ്ങൾ ജോലി ചെയ്തവരും നിലവിൽ തൊഴിൽ കാർഡുള്ളവരുമാണ് ഓണക്കാലത്ത് ബോണസിന് അർഹരാവുന്നത്. ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതെവരുന്നതോടെ പഞ്ചായത്തിൽ അന്വേഷിച്ചെത്തുമ്പോഴാണ് കാർഡ് റദ്ദായതായി തൊഴിലാളികൾ അറിയുന്നത്. കൃഷിയിടങ്ങൾ, പുരയിടങ്ങൾ വൃത്തിയാക്കൽ, തൊഴുത്ത് നിർമാണം എന്നിവയടക്കമുള്ള ജോലികൾക്ക് സ്ഥല ഉടമയും തൊഴിൽ കാർഡെടുക്കണം. നിലവിൽ ജോലിയെടുക്കുന്നവരുടെ കാർഡുകൾ റദ്ദാക്കിയിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.