ഡോ. വന്ദനയുടെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ല -ദേശീയ വനിത കമീഷൻ
text_fieldsകൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. പൊലീസും വന്ദനയുടെ സഹപ്രവർത്തകരും ആശുപത്രിയിലുണ്ടായിരുന്നവരുമെല്ലാം നിഷ്ക്രിയരായതാണ് ഒഴിവാക്കാമായിരുന്ന ദുരന്തം സംഭവിക്കാൻ കാരണമെന്ന് രേഖ ശർമ വിമർശിച്ചു.
വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്തുനിന്നും ഉണ്ടായില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നതെന്ന് രേഖ ശർമ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വന്ദനയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷമാണ് ദേശീയ വനിത കമീഷൻ അധ്യക്ഷ കൊച്ചിയിലെത്തിയത്.
പൊലീസിന്‍റെയും ആശുപത്രി അധികൃതരുടെയും വിശദീകരണങ്ങൾ തൃപ്തികരമല്ല. ശരാശരി ശാരീരികക്ഷമതയുള്ള രണ്ടുപേർക്ക് നിസ്സാരമായി കീഴ്പ്പെടുത്താമായിരുന്ന പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് കുറ്റകൃത്യം ചെയ്തത്. കൃത്യം നടത്തിയശേഷം പോലും അയാളെ കീഴ്പ്പെടുത്താൻ ശ്രമമുണ്ടായില്ല. അവിടെ വന്ദനക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ല. രണ്ടുകിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. തുടർന്ന് തിരുവനന്തപുരത്തേക്കും.
രണ്ടര മണിക്കൂർ യാത്രാദൈർഘ്യമുള്ള അങ്ങോട്ട് കൊണ്ടുപോകാൻ ആരാണ് തീരുമാനമെടുത്തത്. മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തില്ല. ഒരു ജീവൻ നഷ്ടമായ ശേഷമായിരുന്നില്ല ക്രിമിനൽ കേസ് പ്രതികളുടെ പരിശോധനക്ക് പ്രോട്ടോകോൾ കൊണ്ടുവരുന്ന കാര്യം സർക്കാർ ആലോചിക്കേണ്ടിയിരുന്നത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് വന്ദനയുടെ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ടെന്നും രേഖ ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.