സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം -ദേശീയ വനിത കമീഷൻ ആക്ടിങ് ചെയർപേഴ്സൻ
text_fieldsകൊച്ചി: കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമീഷൻ ആക്ടിങ് ചെയർപേഴ്സൻ രേഖ ശർമ. പണവും ജോലിയും വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയിൽ ചെയ്തുമുള്ള മതപരിവർത്തനം നടക്കുന്നതായാണ് തനിക്ക് ലഭിച്ച പരാതികളിൽനിന്ന് മനസ്സിലാക്കാനായത്. വൈക്കത്ത് ഹാദിയയെ സന്ദർശിച്ചശേഷം കൊച്ചിയിൽ എത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഹാദിയയുടെ വിഷയത്തിൽ സംസ്ഥാന വനിത കമീഷൻ എന്തെങ്കിലും ചെയ്തതായി അറിയില്ല. അവർ ഹാദിയയെ കണ്ടിട്ടുപോലുമില്ല. അവരെന്തെങ്കിലും ചെയ്തിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യം ദേശീയ കമീഷനില്ല. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെങ്കിലും ഹാദിയയെ സന്ദർശിച്ചതിൽ തെറ്റില്ല. സന്ദർശിക്കരുതെന്ന് കോടതി പറഞ്ഞിട്ടില്ല. സന്ദർശനത്തിൽ രാഷ്ട്രീയമില്ല. താനേതെങ്കിലും രാഷ്ട്രീയ പദവി വഹിക്കുന്നില്ല. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച പരാതികൾ പരിശോധിക്കുകയാണ് ഉദ്ദേശ്യം. ഇക്കാര്യത്തിൽ ആർക്കും പരാതി നൽകാം. കോഴിക്കോട്ടും തിരുവനന്തപുരത്തും സിറ്റിങ് ഉണ്ട്. സമാന അനുഭവമുള്ള പെൺകുട്ടികളുടെ വീടുകൾ സന്ദർശിക്കും. അതേസമയം, തൃപ്പൂണിത്തുറ യോഗ സെൻറർ സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
രാവിലെ എറണാകുളം െഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ മതപരിവർത്തനം സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചതായി രേഖ ശർമ പറഞ്ഞു. എല്ലാ മതത്തിലേക്കുമുള്ള നിർബന്ധിത പരിവർത്തനവും എതിർക്കപ്പെടണം. സ്വമേധയായുള്ള മതപരിവർത്തനം വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാൽ, അതിനുപിന്നിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതപരിവർത്തനങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളല്ല. പക്ഷേ തീവ്രവാദ ഇടപെടലുകളുണ്ടോയെന്ന് പരിശോധിക്കണം. മറ്റു മതങ്ങളിലേക്ക് മാറിയ ചില പെൺകുട്ടികൾ എവിടെയാണെന്ന് മാതാപിതാക്കൾക്ക് അറിയില്ല. അവർ ജീവനോടെയുണ്ടോ, ആരെങ്കിലും കൊലപ്പെടുത്തിയോ, ആത്മഹത്യ ചെയ്തോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.