പണിമുടക്ക്: ട്രെയിൻ തടഞ്ഞവർക്ക് ജയിൽശിക്ഷയും പിഴയും ലഭിച്ചേക്കും
text_fieldsതിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ട്രെയിനുകൾ തടഞ്ഞവർക്ക് വൻ തുക നഷ്ടപരിഹാരം അടയ്ക്കേണ്ടിവരുകയും ചിലപ്പോൾ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കുമെന്ന് സൂചന.
ഉപരോധംമൂലം രണ്ടുദിവസം ട്രെയിൻ ഗതാഗതം താറുമാറായിരുന്ന ു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. നഷ്ടം കണക്കാക്കിവരുകയാണ്. റെയിൽ സുരക്ഷാസേന (ആർ.പി.എഫ്) എടുത്ത ക്രിമിനൽ കേസുകൾക്കുപുറമെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയൽ ചെയ്യാനും റെയിൽവേ ഉദ്ദേശിക്കുന്നെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഉന്നതതലത്തിൽ ദിവസങ്ങൾക്കകം തീരുമാനമുണ്ടാകുമെന്നാണറിയുന്നത്.
പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് ഡിവിഷൻ നേതൃത്വം റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും. ആർ.പി.എഫ് തിരുവനന്തപുരം ഡിവിഷനിൽ 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംയുക്ത സമരസമിതി കൺവീനറും സി.പി.എം സംസ്ഥാന സമിതിയംഗവുമായ വി. ശിവൻകുട്ടി, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കം ആയിരത്തിലധികം പേർ ഇൗ കേസുകളിൽ പ്രതികളാണ്.
ഇതിൽ ശിക്ഷിക്കപ്പെട്ടാൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും വിലക്കുണ്ടാകും. ആർ.പി.എഫ് എടുത്ത കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിഡിയോ, നിശ്ചലദൃശ്യ പരിശോധനയും തുടരുന്നു. നേതാക്കൾ പ്രസംഗിച്ച് തീരുന്നതുവരെ പലയിടത്തും ട്രെയിനുകൾ തടഞ്ഞിട്ടിരുന്നു. അതിക്രമിച്ച് സ്റ്റേഷനുള്ളിൽ കയറിയതിന് റെയിൽവേ ആക്ട് 147 പ്രകാരം ആറുമാസം തടവും 1000 രൂപ പിഴയും പ്ലാറ്റ്ഫോമിൽ മുദ്രാവാക്യം വിളിച്ച് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയതിന് ആറുമാസം തടവും 1000 രൂപ പിഴയും റെയിൽവേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തലിന് ആറുമാസം തടവും 500 രൂപ പിഴയും ട്രെയിൻ തടഞ്ഞതിന് രണ്ടുവർഷം തടവും 2000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുള്ളത്. റെയിൽവേക്കുണ്ടായ നഷ്ടം നികത്തുന്നതിനുള്ള തുകയും സമരക്കാർ കെട്ടിവെക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.