കണ്ണില്ലാത്ത ക്രൂരത; അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയായിരുന്ന അമേരിക്കൻ സ്വദേശി കോവളത്ത് ഉറുമ്പരിച്ച നിലയിൽ
text_fieldsകോവളം: കോവളത്ത് വയോധികനായ അമേരിക്കൻ സ്വദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചുവന്ന ഇർവിൻ ഫോക്സിനെയാണ് (80) ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ ഇക്കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു. പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് മറ്റൊരു വിദേശിയായിരുന്നു സഹായത്തിനുണ്ടായിരുന്നത്. വാർധക്യസഹജമായ രോഗങ്ങൾക്ക് തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചിരുന്നു.
സഹായി ശ്രീലങ്കയിൽ പോയതോടെ ഇയാൾ ഒറ്റക്കാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻപോലും ആരുമില്ലാത്ത അവസ്ഥയായിരുന്നെന്നാണ് കരുതുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോവളം പൊലീസ് സ്റ്റേഷനിൽനിന്ന് ബീറ്റിനെത്തിയ ടി. ബിജു, പ്രീതാലക്ഷ്മി എന്നിവർ ദുരിതാവസ്ഥ കണ്ടത്.
ഉടൻതന്നെ വിവരം കോവളം എസ്.എച്ച്.ഒ പ്രൈജുവിനെ അറിയിക്കുകയും വിവരം എഫ്.ആർ.ഒയിലും എംബസിക്കും റിപ്പോർട്ട് ചെയ്യുകയും വിഴിഞ്ഞം സി.എച്ച്.എസ്.സി മുഖേന പാലിയം ഇന്ത്യയുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ എത്തിയ പാലിയം സംഘം ഉറുമ്പരിച്ച് വൃത്താകൃതിയിലുള്ള മുറിവ് കണ്ടെത്തി. സംഭവത്തെതുടർന്ന് വിദേശി താമസിച്ചിരുന്ന ലോഡ്ജുടമക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോവളം പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.