മദ്യലഹരിയിൽ കുതിച്ചെത്തി വല്ലാത്തൊരു ‘ബിഗ് ഷോ’
text_fieldsതൃശൂർ: നാട്ടികയിൽ അപകടം സൃഷ്ടിച്ച ലോറിയുടെ പേര് ‘ബിഗ് ഷോ’. കെ.എൽ 59 എക്സ് 8789 എന്ന ലോറി പേരുപോലെത്തന്നെ വല്ലാത്തൊരു ഷോ ആണ് ചൊവ്വാഴ്ച പുലർച്ചെ കാട്ടിയതും. കൂട്ടുകുടുംബമായി കിടന്നുറങ്ങിയവർക്ക് മേലാണ് മദ്യലഹരിയിൽ തിമിർത്തെത്തിയ രണ്ടുപേർ ലോറി ഓടിച്ചുകയറ്റിയത്. ഒന്നും നാലും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുടെ ജീവനും അപകടത്തിൽ പൊലിഞ്ഞു.
ലോറിയുടെ ഡ്രൈവർ ജോസും ക്ലീനർ അലക്സും കണ്ണൂർ സ്വദേശികളാണ്. തടിയും കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. പലയിടത്തും ഇവർ വണ്ടി നിർത്തി മദ്യപിച്ചു. ഇതിനിടെ ഡ്രൈവിങ് ലൈസൻസില്ലാത്ത അലക്സിന് ജോസ് വളയം കൈമാറുകയായിരുന്നു. മദ്യലഹരിയിൽ ഇരുവരും റോഡിലെ ബാരിക്കേഡുകളൊന്നും കണ്ടില്ല. അമിത വേഗത്തിലെത്തി, റോഡിൽ ഉറങ്ങിക്കിടന്നവർക്കുമേൽ വണ്ടി പായിച്ചു കയറ്റി. വലിയ അപകടമാണെന്നറിഞ്ഞിട്ടും ഇവർ വണ്ടി നിർത്താതെ മുന്നോട്ടെടുത്തു. സമീപത്തെ സർവിസ് റോഡിലേക്ക് വണ്ടി കയറ്റിയെങ്കിലും മുന്നോട്ടുപോകാനാകാതെ നിർത്തേണ്ടിവന്നു.
തുടർന്ന് നാട്ടുകാരായ യുവാക്കൾ വന്ന് തടയുകയായിരുന്നു. തൃപ്രയാർ ഏകാദശി ആയതിനാൽ സമീപപ്രദേശങ്ങളിലൊക്കെ ആളുകളുണ്ടായിരുന്നു. പ്രദേശത്ത് നല്ല വെളിച്ചവും ഉണ്ടായിരുന്നു. സമീപത്തെ ഗ്രൗണ്ടിലുണ്ടായിരുന്ന യുവാക്കളാണ് രക്ഷക്ക് ആദ്യം ഓടിയെത്തിയത്. ഹൈവേയിൽനിന്ന് വലിയ നിലവിളി കേട്ടതോടെയാണ് യുവാക്കളെത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ അപകടം നടന്നെന്ന് മനസ്സിലാക്കി. ഒപ്പം നിർമാണം നടക്കുന്ന ഭാഗത്തുകൂടി അസാധാരണ രീതിയിൽ പോവുന്ന തടിലോറിയും കണ്ടു. യുവാക്കളുടെ ഇടപെടലോടെയാണ് ലോറി തടഞ്ഞുനിർത്താൻ സാധിച്ചത്. നിർത്താതെ മുന്നോട്ടെടുത്ത ലോറി റോഡിലെ ഇടുങ്ങിയ ഭാഗത്ത് എത്തിയപ്പോഴാണ് യുവാക്കൾ തടഞ്ഞത്. ലോറി മുന്നോട്ട് പോകാനാകാത്ത വിധം റോഡ് മണ്ണിട്ട് അടച്ചിരുന്നതിനാൽ പ്രതികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.