നാട്ടിക അപകടം: വാഹനത്തിന്റെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും
text_fieldsതിരുവനന്തപുരം: നാട്ടികയിലേത് കരുതിക്കൂട്ടിയുള്ള തെറ്റാണെന്നും വാഹനത്തിന്റെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. നടപടികളുടെ ആദ്യഘട്ടമെന്ന നിലയിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. നിർഭാഗ്യകരമായ സംഭവമാണ് നാട്ടികയിലുണ്ടായത്. ശരിക്കും നരഹത്യയാണത്. ഗതാഗതം തടഞ്ഞ ഭാഗത്തേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. റോഡ് സൈഡിൽ കിടന്നുറങ്ങുന്നവരെ മാറ്റുന്നതിന് ഗതാഗത കമീഷണർ പൊലീസിന് കത്ത് നൽകും. മരിച്ചവരുടെ ആശ്രിതർക്ക് സഹായം നൽകുന്നത് സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. മോട്ടോർ വാഹന വകുപ്പിന് മാത്രമായി ഇതിനുള്ള വകുപ്പില്ല. മന്ത്രിസഭ യോഗത്തിലേ തീരുമാനിക്കാനാകൂവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
റോഡിൽ വര മുറിച്ച് വണ്ടിയോടിച്ചാൽ പിഴ
തിരുവനന്തപുരം: റോഡിൽ ലൈൻ ട്രാഫിക് തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ്ബോർഡ് കാമറകൾ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്-തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.
ഡ്രോൺ കാമറ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്. കാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനാണിത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്ന രീതിക്കപ്പുറം ഓടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ തൽസമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്സ്മെന്റ് നയമെന്നും മോട്ടോർ വാഹനവകുപ്പ് പറഞ്ഞു.
പഴുതില്ലാത്ത നടപടി സ്വീകരിക്കും -മന്ത്രി രാജൻ
തൃശൂര്‍: നാട്ടികയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കു മേല്‍ ലോറി കയറി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്. മനഃപൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. പഴുതുകളില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഹിയില്‍നിന്ന് മദ്യം വാങ്ങിയ ഡ്രൈവറും ക്ലീനറും അത് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വാഹനമോടിച്ചിരുന്നവരുടെ ഭാഗത്താണ് പൂര്‍ണമായ തെറ്റ്. ഡിവൈഡര്‍ ഉൾപ്പെടെയുള്ളവ ഇടിച്ചു തെറിപ്പിച്ചാണ് ലോറി വന്നത്. അപകടസ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കും. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും ജില്ല ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും. ആവശ്യമായ സഹായങ്ങള്‍ നല്കാന് പാലക്കാട് ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.