ചതഞ്ഞരഞ്ഞ സ്വപ്നങ്ങൾ...
text_fieldsതൃപ്രയാർ: ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ, തകർന്ന ഭക്ഷണപ്പാത്രങ്ങളിൽ ബാക്കിയായ ചോറും കറികളും, തരിപ്പണമായ കളിപ്പാട്ടങ്ങൾ, പരന്നുകിടക്കുന്ന വസ്ത്രങ്ങൾ... നാട്ടിക മണപ്പുറത്തിന്റെ ഉത്സവമായ ഏകാദശി ദിനത്തിൽ വിങ്ങുന്ന കാഴ്ചകൾ കണ്ടാണ് നാടുണർന്നത്. വിശപ്പിന് വക തേടിയെത്തിയ നാടോടിസംഘത്തിന്റെ ദാരുണ വാർത്ത നാടിനെയാകെ ഉലച്ചു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ ഏകാദശിത്തലേന്ന് ദശമി വേലയും വിളക്കും കണ്ട ശേഷമാണ് സംഘം ഉറങ്ങാനെത്തിയത്. ചൊവ്വാഴ്ച ഏകാദശി ഉത്സവം കാണാൻ പോകാനുളള മോഹത്തിൽ ഉറങ്ങിയവർ ഒരിക്കലും ഉണരാതായി. തിങ്കളാഴ്ച വരെ ഇവരോടൊപ്പം നടന്നിരുന്ന കുഞ്ഞുങ്ങളെയോർത്ത് നാട് വിതുമ്പി. ദേശീയപാത നിർമാണം നടക്കുന്ന നാട്ടികയിൽ വടക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ഫൈബർ ബാരിക്കേഡുകൾ ഉപയോഗിച്ച് മറച്ചിരുന്നു. ഇതിന് തെക്കുഭാഗത്ത് റോഡിൽ ഇരുവശവും ഉയരമുള്ള ഡിവൈഡറുകളുമുണ്ട്. ഇതിനിടയിലെ റോഡിന്റെ സ്ഥലം സുരക്ഷിതമാണെന്ന കണക്കുകൂട്ടലിലാണ് സംഘം ഇവിടെ താവളമാക്കിയത്.
എന്നാൽ, വടക്കു ഭാഗത്തു നിന്ന് അമിതവേഗത്തിൽ വന്ന ലോറി ബാരിക്കേഡ് തകർത്താണ് ഉറങ്ങുന്നവരെ ചതച്ചരച്ച് പാഞ്ഞത്. ജീവനുവേണ്ടി കൂട്ടനിലവിളി ഉയർന്നെങ്കിലും ഡ്രൈവറും ക്ലീനറും രക്ഷപ്പെടാനായി നിർത്താതെ ഓടിച്ചുപോയി. 500 മീറ്ററോളം പോയപ്പോഴേക്കും നിർമാണം നടക്കുന്ന റോഡിലെ തടസ്സങ്ങൾ മൂലം മുന്നോട്ടുപോകാനായില്ല. ഇതിനിടെ നാട്ടുകാരും പിന്തുടർന്നിരുന്നു. ഡ്രൈവറെയും ക്ലീനറെയും ഇവർ കൈയോടെ പിടികൂടി. നാടോടി സംഘത്തെക്കുറിച്ച് സമീപവാസികൾക്കെല്ലാം നല്ലതേ പറയാനുള്ളൂ. ആർക്കും ശല്യക്കാരാകാതെ ഒഴിഞ്ഞ സ്ഥലത്താണവർ തമ്പടിച്ചതെന്ന് നാട്ടിക പഞ്ചായത്തംഗം സുരേഷ് ഇയ്യാനി പറഞ്ഞു. സ്ത്രീകൾ കടകളിൽനിന്ന് കടലാസ് പെട്ടികളും പഴയവസ്തുക്കളും ശേഖരിച്ചും പുരുഷൻമാർ കൂലിത്തൊഴിലെടുത്തുമാണ് കഴിഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.