നാട്ടിക ലോറി അപകടം: വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുമെന്ന് കെ.ബി. ഗണേശ് കുമാർ
text_fieldsതൃശൂർ: നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേർ മരിച്ച അപകടത്തിൽ വാഹന രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ. സംഭവത്തിൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദാക്കും. നിലവിൽ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി കൂട്ടിചേർത്തു.
അശ്രദ്ധമായ ഡ്രൈവിംഗ് ആണ് ഉണ്ടായത്. ഇവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി എടുക്കും. അപകടത്തിൽ പെട്ട കുടുംബങ്ങൾക്ക് എന്ത് സഹായം നൽകാം എന്ന് മുഖ്യമന്ത്രിയുമായി ആലോചിക്കും. വാഹനം അമിത വേഗത്തിൽ ആയിരുന്നോ എന്ന് അറിയാൻ കടന്നുവന്ന എല്ലാ വഴികളിലെയും ക്യാമറകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടത്തിൽ നാടോടികളായ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 11 പേരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടിക ജെ.കെ തിയറ്ററിനടുത്താണ് ദുരന്തമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.