പ്രകൃതി ദുരന്ത, കാലാവസ്ഥ വ്യതിയാന കർമപദ്ധതി 200 തദ്ദേശസ്ഥാപനങ്ങളിലേക്ക്
text_fieldsതിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ നാല് ജില്ലകളിലെ 200ലധികം വരുന്ന തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാൻ ഇതുകൂടി ഉൾക്കൊണ്ടാവും പദ്ധതിക്ക് കീഴിൽ ഈ വർഷം തയാറാക്കുക. കേരളത്തെ മുക്കിയ രണ്ട് പ്രളയത്തിൽനിന്ന് കരകയറാനുള്ള കേരള പുനരുദ്ധാരണ പദ്ധതിയുടെ (റീബിൽഡ് കേരള -ആർ.ബി.കെ) ഭാഗമായാണ് പരിപാടി നടപ്പാക്കുന്നത്.
പമ്പ നദീതടത്തിന്റെ പരിധിയിൽ വരുന്ന ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 200 ലധികം ഗ്രാമപഞ്ചായത്തുകളും നഗരസഭകളുമാണ് തങ്ങളുടെ മാസ്റ്റർ പ്ലാൻ, കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങളെയും മറികടക്കാൻ ഉതകുന്ന പദ്ധതികളുമായി തയാറാക്കുക. ഈ ജില്ലകളിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും മലയിടിച്ചിൽ, പ്രളയ ഭീഷണി ഉൾപ്പെടെ ദുരന്തങ്ങൾ നേരിടുന്നവയാണ്. മഹാപ്രളയത്തിനുശേഷം ആർ.ബി.കെയുടെ ഭാഗമായി പരമ പ്രാധാന്യം നൽകിയിരിക്കുന്നത് ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ കൈക്കൊള്ളേണ്ട മുൻകരുതലിനാണ്.
ദുരന്തസാധ്യതാ പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുക, അത്തരം പ്രദേശങ്ങൾ അടയാളപ്പെടുത്തുക, മുൻകരുതൽ നടപടി സ്വീകരിക്കുക എന്നിവ അതിന്റെ ഭാഗമായി സ്വീകരിക്കണമെന്നാണ് തീരുമാനം.
ഇതിന്റെ തുടക്കം എന്ന നിലയിലാണ് നാല് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ മാസ്റ്റർ പ്ലാൻ കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ മുന്നിൽ കണ്ട് പ്രതിരോധ, മുൻകരുതൽ നടപടികൾകൂടി ഉൾപ്പെടുത്തി തയാറാക്കാൻ തീരുമാനിച്ചത്. ആദ്യം ഒമ്പത് നഗരസഭകളിലാവും നടപ്പാക്കുക. ലോകബാങ്കിന്റെ ധനസഹായത്തിലാവും പദ്ധതികൾ നടപ്പാക്കുക.
കൂടാതെ വാർഷിക പദ്ധതിയിൽ കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ നേരിടാൻ പദ്ധതികൾ ഉൾക്കൊള്ളിക്കുന്ന തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് (ഗ്രേഡിങ്) മുൻഗണന പട്ടികയിൽപെടുത്താനും തദ്ദേശവകുപ്പ് തീരുമാനിച്ചു. ഉയർന്ന ഗ്രേഡിങ് ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് ധനസഹായം വർധിപ്പിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.