മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം; കൊച്ചിയിൽ പ്ലാന്റ് സ്ഥാപിക്കാൻ സര്‍ക്കാര്‍-ബി.പി.സി.എല്‍ ചര്‍ച്ചയിൽ തത്വത്തിൽ ധാരണ
text_fieldsകൊച്ചി: മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി തത്വത്തിൽ ധാരണയായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ബിപിസിഎൽ പ്രതിനിധികളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി വി പി ജോയിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാര്‍ കൈമാറുന്ന സ്ഥലത്ത് ബി.പി.സിഎല്ലിന്റെ ചെലവിലാകും പ്ലാന്റ് നിര്‍മ്മിക്കുക. പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്തവും ബി.പി.സി.എല്ലിനാകും. ഒരു വര്‍ഷം കൊണ്ട് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് ബി.പി.സി.എൽ അറിയിച്ചിരിക്കുന്നത്. ബ്രഹ്മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ.
കൊച്ചിയിലെയും സമീപ നഗരസഭകളുടെയും മാലിന്യം (മുൻസിപ്പൽ സോളിഡ് വേസ്റ്റ്), പ്ലാന്റിൽ സംസ്കരിക്കാനാകും. മാലിന്യ സംസ്കരണത്തിലൂടെ നിര്‍മ്മിക്കുന്ന പ്രകൃതിവാതകം, ബി.പി.സി.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകും ഉപയോഗിക്കുക. ഇതോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം വിപണനം ചെയ്യും. പ്രതിദിനം പ്ലാന്റ് പ്രവര്‍ത്തിക്കാൻ ലഭ്യമാക്കേണ്ടുന്ന തരംതിരിച്ച മാലിന്യം കോര്‍പറേഷനും മുൻസിപ്പാലിറ്റികളും ഉറപ്പാക്കും.
കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പാകും തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളിൽ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ വിൻഡ്രോ കമ്പോസ്റ്റ് സ്ഥാപിക്കാൻ സിഎസ് ആർ ഫണ്ടിൽ നിന്ന് തുക നൽകാൻ ബി.പി.സി.എൽ മുൻപ് തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് കുറച്ചുകൂടി അനുയോജ്യമാവുക പ്രകൃതി വാതക പ്ലാന്റാണെന്ന് കണ്ടെത്തിയാണ് ബിപിസിഎൽ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ ചര്‍ച്ചകള്‍ വരുംദിവസങ്ങളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.