പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു
text_fieldsമലപ്പുറം: പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. വളവന്നൂർ സ്വദേശിനിയായ 23കാരിയാണ് മരിച്ചത്. ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രകൃതിചികിത്സക്ക് ദീർഘനാളായി സൗകര്യം നൽകുന്നുണ്ട്. ഇവിടെയാണ് യുവതിയുടെ പ്രസവം നടന്നത്. കുഞ്ഞിന് കുഴപ്പമില്ല.
ചൊവ്വാഴ്ച ജില്ല മെഡിക്കൽ ഓഫിസിൽ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബുധനാഴ്ച ജില്ല മെഡിക്കൽ ഓഫിസിൽനിന്നുള്ള സംഘം ആശുപത്രിയിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് കലക്ടർക്ക് കൈമാറും. ഡെപ്യൂട്ടി ഡി.എം.ഒമാരായ അഹമ്മദ് അഫ്സൽ, കെ.വി. പ്രകാശ്, ആർ.സി.എച്ച് ഒാഫിസർ ഡോ. ആർ. രേണുക, ടെക്നിക്കൽ അസിസ്റ്റൻറ് ഭാസ്കർ എന്നിവരാണ് ആശുപത്രിയിലെത്തിയത്.
2016 ഒക്ടോബറിൽ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തിൽ വാട്ടർബർത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാകുകയും അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ എത്തുകയുമായിരുന്നു. തുടർന്ന്, ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സക്ക് വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.