പ്രകൃതി-മനുഷ്യ ബാന്ധവം
text_fieldsഇതിഹാസങ്ങളുടെ വേരുകൾ നാടോടി സംസ്കാരത്തിൽ ആണ്ടിരിക്കുന്നതിനാൽ അവക്ക് അനവധി പാഠങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഫാദർ കാമുൽ ബുൽക്കെ ഇത്തരം ആയിരക്കണക്കിന് രാമായണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സായിപ്പായി രൂപപരിണാമം സംഭവിക്കുന്ന ഹനുമാനെക്കുറിച്ചുകൂടി അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. കാലാകാലങ്ങളായി തലമുറതലമുറയായി വാമൊഴി പാരമ്പര്യത്തിൽ പ്രചരിച്ചിരുന്ന ആദിമ ഇതിഹാസങ്ങൾക്ക് ഓരോ ദിക്കിലും സ്ഥലനാമങ്ങളും കഥാലക്ഷ്യങ്ങളും ഉണ്ടെന്നു കരുതാനുള്ള കാരണവും അതിെൻറ നാടോടിത്തമാണ്.
കാർഷിക സംസ്കാരത്തിെൻറ ത്രികോണ ബന്ധത്തിലാണ് രാമായണത്തിെൻറ ആധാരം ഉറപ്പിച്ചിരിക്കുന്നതെങ്കിലും പലായനത്തിെൻറ വിപുലാഖ്യാനവും ഇതിഹാസത്തിലുണ്ട്. മഹാനഗരങ്ങൾവിട്ട് വനാന്തരങ്ങളിലൂടെയുള്ള യാത്ര. വനവാസത്തിലായിരിക്കുന്ന രാമൻ സമുദ്രലംഘനത്തിലൂടെ മുന്നേറുകയാണ്. പുതുലോകങ്ങൾ തേടി പുറപ്പെടുകയാണ്. കാരണം എന്തുതന്നെയായാലും അതിരുകൾ താണ്ടി അന്യരാജ്യത്തെയും രാജാവിനെയും കീഴ്പ്പെടുത്തുന്നു. പക്ഷേ, പിടിച്ചെടുത്തത് ഭരിച്ച് നിലനിർത്താനെരുമ്പെടുന്നില്ല. കൃഷിയിൽ അധിഷ്ഠിതമായ സ്ഥിരവാസവും പെറുക്കിതീനി സമൂഹത്തിെൻറ പലായനത്വവും ഇവിടെ ആഖ്യാന വസ്തുതയായി സ്വീകരിച്ചിട്ടുണ്ട്. ഇത് രാമകഥാപാത്രത്തിൽതന്നെ പ്രത്യക്ഷമായി കാണാം.
കവിതയെയും കവിഞ്ഞുനിൽക്കുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിെൻറ അടരുകൾ തേടുകയാണ് രാമായണം. ഒരു കാർഷിക സംസ്കാരമാണ് ഇതിനടിത്തറ. സൂര്യൻ, ഭൂമി, ജലം എന്നീ ബിന്ദുക്കളിലാണ് രാമായണം കെട്ടിയുയർത്തിയിരിക്കുന്നത്. സൂര്യവംശരാജാവ് ഭൂമികന്യയെ വേൾക്കുകയും ഒടുവിൽ ജലസമാധിയിൽ അവസാനിക്കുകയും ചെയ്യുന്നു. വിത്താണ് സീത. അത് മണ്ണിൽനിന്ന് വരുന്നു. മണ്ണിലേക്ക് പോകുന്നു. നിലമുഴുകുമ്പോഴാണ് ജാനകി ഉരുവംകൊള്ളുന്നത്. ഒടുവിലവൾ പോകുന്നതും മണ്ണിലേക്കു തന്നെ. രാജാവും സ്വയംവരവും വനവാസവുമെല്ലാം പരഭാഗശോഭകൾ മാത്രം. ജലവും മണ്ണും വെളിച്ചവും ചേരുമ്പോൾ മിഴിതുറക്കുന്ന ജീവെൻറ അത്ഭുതമാവുന്നു സ്ഥായി. അത് ധ്യാനിച്ച് ചിറകുവിരിച്ച കവികാമനയാണ് ആദികാവ്യം.
നാടോടി വേരുകളുള്ള മഹത്തായ ഇതിഹാസങ്ങളുടെ ധ്വന്യാത്മകതയും വിശാലതയും സങ്കീർണതയും ഗ്രഹിക്കാൻ താൽപര്യമില്ലാത്ത ഭാഗികവീക്ഷണംമൂലം അവയുടെ യഥാർഥ കാർഷിക മൂല്യത്തെയും വിശാല പാരമ്പര്യത്തെയും നാടോടിവേരുകളെയും അറിയാൻ കഴിയാതെ വരുന്നു. പ്രത്യക്ഷ രാഷ്ട്രീയ ലാഭങ്ങൾക്കും നഷ്ടങ്ങൾക്കും ഉപരിയാണ് ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമായണ- മഹാഭാരതാദികളുടെ സ്ഥാനം. ഇത്തരം മഹത്തായ കൃതികളാണ് നമ്മുടെ സംസ്കാരത്തെ സംരക്ഷിച്ചു നിർത്തിയിരുന്നത്. രാമായണത്തിെൻറ ആധാരസങ്കൽപത്തെക്കുറിച്ച് പരിശോധിച്ചാൽ ഇത് വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.