തണ്ണീർകൊമ്പൻ: ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം, അരിക്കൊമ്പനെക്കുറിച്ച് വിവരം നൽകണമെന്നും ആവശ്യം
text_fieldsതിരുവനന്തപുരം: തണ്ണീർകൊമ്പന്‍റെ മരണത്തിൽ ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധം. തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തിന് മുന്നിൽ നേച്ചർ ഫോർ ഫ്യൂച്ചർ സംഘടന പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം വാവ സുരേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കാട്ടിൽ നിന്നിറങ്ങുന്ന മൃഗങ്ങളെ ഭയങ്കരമായി പീഡിപ്പിക്കുന്നതും കൊല്ലുന്നതുമാണ് കേരളത്തിൽ കാണുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. തണ്ണീർകൊമ്പന്‍റെ വിഷയത്തിൽ വിട്ടുവീഴ്ച കാണിച്ചാൽ തണ്ണീർ കൊമ്പനെ കൊന്ന ഡോക്ടറാലും ഉദ്യോഗസ്ഥരാലും ഇനിയും മൃഗങ്ങൾ കൊല്ലപ്പെടും. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. വന്യജീവികളെ ദ്രോഹിക്കുന്നവർക്കെതിരെ ദാക്ഷിണ്യമില്ല. ഭൂമിയിൽ മനുഷ്യൻ മാത്രം പോരാ -വാവ സുരേഷ് വ്യക്തമാക്കി.
ഇവിടുന്ന് കൊണ്ടുപോയ അരിക്കൊമ്പനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകണമെന്ന് നേച്ചർ ഫോർ ഫ്യൂച്ചർ നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങൾക്ക് അത് അറിയാനുള്ള അവകാശമുണ്ട്. അരിക്കൊമ്പൻ ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ സംശയമാണെന്നും നേച്ചർ ഫോർ ഫ്യൂച്ചർ നേതാക്കൾ പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് മാനന്തവാടിയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി കർണാടക വനം വകുപ്പിന് കൈമാറിയ തണ്ണീർകൊമ്പൻ പിറ്റേ ദിവസം പുലർച്ചെ ബന്ദിപ്പൂരിൽ ചെരിഞ്ഞത്. ഇതിനിടെ, തണ്ണീർക്കൊമ്പന്‍റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന പരാതി നൽകിയിട്ടുണ്ട്. കേരള വനം വകുപ്പിലെ 14 ഉദ്യോഗസ്ഥരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോക്കാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.