Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതിമേഖലയിൽ...

വൈദ്യുതിമേഖലയിൽ പ്രകൃതി സൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം- മുഖ്യമന്ത്രി

text_fields
bookmark_border
വൈദ്യുതിമേഖലയിൽ പ്രകൃതി സൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം- മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വികസനരംഗത്തെ തടസങ്ങൾ ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാര്‍ ആദ്യം ചെയ്തിട്ടുള്ളത്. ദേശീയപാതാ വികസനം പുനരാരംഭിച്ചു, ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കി, പവര്‍ ഹൈവേ യാഥാർഥ്യമാക്കി. എന്നാൽ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങള്‍ നിറവേറ്റുകയും വിതരണ ശൃംഖലയെ നവീകരിക്കേണ്ടതുമുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മതിയായ ഊർജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉൽപാദനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്.

തൊട്ടിയാർ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതിക്കു പുറമെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാർ ചെറുകിട ജലവൈദ്യുത പദ്ധതി, ഒലിക്കല്‍ ചെറുകിട ജലവൈദ്യുത പദ്ധതി, പൂവാരംതോട് ചെറുകിട ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി, പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, അപ്പര്‍ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്. കേരളത്തിന് പുറത്ത് കൽക്കരിനിലയങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ സൗരോര്‍ജ്ജത്തെയും കേരളത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. . ഇതിനായിട്ടാണ് "സൗര" പദ്ധതി നടപ്പാക്കുന്നത്. ഇതിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. പുറമെ മറ്റു വിവിധ പദ്ധതികളുടെ കീഴില്‍ 1,70,638 നിലയങ്ങള്‍ സ്ഥാപിച്ചതു വഴി സൗരോര്‍ജ്ജത്തിലൂടെ 1,215.68 മെഗാവാട്ട് കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പാദനവും പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ കാറ്റാടി ഊർജ പദ്ധതികളുടെ നിലവിലെ സ്ഥാപിത ശേഷി 71.275 മെഗാവാട്ടാണ് . അതേസമയം കേരളത്തിന് കൈവരിക്കാൻ കഴിയുന്ന ശേഷി 2,600 മെഗാവാട്ട് ആയാണ് കണക്കാക്കപ്പെടുന്നത്. അതിലേക്കുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്.

പ്രസരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പിലാക്കുന്നത്. അതിന്റെ രണ്ടാം ഘട്ടം ഇപ്പോൾ നടന്നുവരുന്നു. ഇതിനുപുറമെ ഒരു ഗ്രീന്‍ കോറിഡോര്‍ പാക്കേജും സംസ്ഥാനം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി 400 കിലോ വോൾട്ട് ശേഷിയുള്ള മൂന്ന് സബ് സ്റ്റേഷനുകളും, 220 കിലോ വോൾട്ട് ശേഷിയുള്ള 22 സബ് സ്റ്റേഷനുകളും, ഒരു 110 കിലോ വോൾട്ട് സബ് സ്റ്റേഷനും, 3,770 സര്‍ക്യൂട്ട് കിലോമീറ്റര്‍ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകളും ഒരുങ്ങും.

ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തിയാകുതോടെ നമ്മുടെ പ്രസരണശൃംഖല ശക്തിപ്പെടും. പദ്ധതി പൂർണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രസരണനഷ്ടം പരിഹരിച്ച് 107.8 മെഗാവാട്ടിന്റെ നേട്ടമുണ്ടാകുമെന്നും അതുവഴി പ്രതിവര്‍ഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാവുമെന്നും കണക്കാക്കിയിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് "ദ്യുതി". ഇതിന്റെ ആദ്യഘട്ടത്തില്‍ 3,765 കോടി രൂപയുടെ പദ്ധതികളും രണ്ടാം ഘട്ടത്തില്‍ 747 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 15,000 കിലോമീറ്ററോളം ലൈനുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 6,158 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. വൈദ്യുതി സുരക്ഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 977 കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 2,131 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരികയാണ്.

ഊർജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി . ഇതുവരെ 20 ലക്ഷം ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്. തെരുവു വിളക്കുകള്‍ എല്‍ ഇ ഡിയിലേക്കു മാറ്റുന്ന നിലാവ് പദ്ധതി മുഖേന 4 ലക്ഷത്തോളം സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റിസ്ഥാപിച്ചു. വൈദ്യുതി വാഹനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 1,169 പോള്‍മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഊര്‍ജ്ജ ഉല്‍പാദന, വിതരണ, ഉപയോഗരംഗങ്ങളില്‍ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ നടന്ന പരിപാടിയിൽ എം.എൽ.എമാരായ അഡ്വ. എ. രാജ, എം.എം. മണി, ആൻറണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു , കെ.എസ്.ഇ.ബി ചെയർമാൻ ബിജുപ്രഭാകർ , കലക്ടർ വി. വിഗ്നേശ്വരി , ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ , രാഷ്ട്രീയകക്ഷി നേതാക്കൾ , ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ പങ്കെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministersustainable developmentpower sector
News Summary - Nature-friendly sustainable development is the goal in the power sector- Chief Minister
Next Story