നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്; മലപ്പുറത്തിന് ആവശ്യങ്ങൾ ഏറെ
text_fieldsജനങ്ങളുടെ ജീവിത നിലവാരവും സംതൃപ്തിയും വർധിപ്പിക്കുകയാണ് വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമീണ, പിന്നാക്ക, കാർഷിക മേഖലകളെ ഇക്കാര്യത്തിൽ സവിശേഷമായി പരിഗണിക്കണം. വിനോദ സഞ്ചാര മേഖലയിൽ സാധ്യത ഏറെയുള്ളവയാണ് ഈ മണ്ഡലങ്ങൾ. ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ സംസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാകും
സാങ്കേതിക തടസ്സങ്ങൾ ജനങ്ങൾക്ക് കേൾക്കേണ്ട
സാങ്കേതിക തടസ്സങ്ങൾമൂലം പദ്ധതികൾ വൈകുന്നത് ശുഭകരമല്ല. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താനൂരിന്റെ മുഖച്ഛായ ഇന്ന് മറ്റൊന്നാകുമായിരുന്നു. 2013ൽ തുടങ്ങിയ താനൂർ ഗവ. കോളജിന് ഇനിയും സ്വന്തം കെട്ടിടം നിർമിക്കാനായില്ല. കനോലി കനാൽ വീതി കൂട്ടി ശുചീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചിട്ടും വർഷങ്ങൾ ഏറെയായി, എങ്ങുമെത്തിയില്ല. താനൂർ താലൂക്ക് രൂപവത്കരണം, റവന്യൂ ടവർ നിർമാണം എന്നിവക്ക് തുക വകയിരുത്തിയെങ്കിലും നടപടികൾക്ക് വേഗമില്ല. മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽ തീരത്തിന്റെ സ്ഥിതി ശോചനീയം. സംസ്ഥാനത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും അതിനായുള്ള മാസ്റ്റർ പ്ലാൻ ഉടൻ തയാറാക്കുമെന്നുമുള്ള പ്രഖ്യാപനം നടത്തിയിട്ട് വർഷങ്ങളായി.
പാലങ്ങൾ
2021 ജനുവരിയിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്ത തെയ്യാല റോഡ് റെയിൽവേ മേൽപ്പാല നിർമാണം മൂന്നു വർഷത്തോളമായിട്ടും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. യാത്രാ ദുരിതത്തിനുമപ്പുറം വ്യാപാര മേഖലയെകൂടി സാരമായി ബാധിച്ചിരിക്കുകയാണിത്
കനോലി കനാലിന് കുറുകെ നിർമിച്ച ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള താനൂർ അങ്ങാടിപ്പാലം അപകടകരമായ നിലയിൽ
ഏറെക്കാലത്തെ ആവശ്യമായിരുന്ന കുണ്ടുങ്ങൽ-അഞ്ചുടി റോഡ് പാലം നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല
റോഡുകൾ
ഗ്രാമീണ റോഡുകൾ ഏതാണ്ട് മുഴുവനായും തകർന്നു കിടക്കുന്നു. കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ സ്ഥാപിക്കാൻ പൊളിച്ചിട്ട റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡുകളുടെ ശോച്യാവസ്ഥക്ക് പ്രധാന കാരണം. തദ്ദേശ സ്ഥാപനങ്ങളുടെ പരിമിതമായ ഫണ്ട് കൊണ്ടുമാത്രം അറ്റകുറ്റപ്പണി നടത്താനാകാത്തതിനാൽ സംസ്ഥാന സർക്കാറിന്റെ പ്രത്യേക സഹായം വേണം.
കുടിവെള്ളം
തീരദേശ മേഖലയിലും കിഴക്കൻ ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ട്. ജൽ ജീവൻ മിഷൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പറയുന്നുണ്ടെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു.
പൈതൃകമുറങ്ങുന്ന തിരൂർ
ചരിത്രമുറങ്ങുന്ന മണ്ണാണ് തിരൂർ. ആധുനിക മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലം. എഴുത്തച്ഛന്റെ സ്മാരകമായ തിരൂർ തുഞ്ചൻപറമ്പ് സംസ്ഥാനത്തുതന്നെ പ്രധാന സാംസ്കാരിക കേന്ദ്രമാണ്. വാഗൺ ദുരന്തം, തിരുനാവായ മാമാങ്കം തുടങ്ങി ചരിത്ര സംഭവങ്ങൾ അരങ്ങേറിയ നാടാണിത്. പൈതൃകവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന നിള നദിയുടെ തീരങ്ങളിൽ പൈതൃക ടൂറിസം, തീർഥാടക ടൂറിസം എന്നിവക്ക് സാധ്യതയേറെയാണ്. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന ഏടുകളിലൊന്നായ വാഗണ് ദുരന്തത്തിന്റെ സ്മാരകമായി തിരൂരിൽ ടൗൺഹാൾ ആണ് കാര്യമായുള്ളത്. ക്രിയാത്മകമായി ചിന്തിച്ചാൽ ഇനിയുമൊരുപാട് ഇതുമായി ബന്ധപ്പെട്ട് ഒരുക്കാനാകും. വരുമാനത്തിൽ സംസ്ഥാനത്തുതന്നെ മുൻപന്തിയിലാണ് തിരൂർ റെയിൽവേ സ്റ്റേഷൻ. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഫോറിൻ, മൊബൈൽ മാർക്കറ്റുകളിലൊന്നാണ് തിരൂർ ഗൾഫ് മാർക്കറ്റ്. മേഖലയുടെ വാണിജ്യ സാധ്യതയും ചടുലതയും വിളിച്ചോതുന്ന കാര്യങ്ങളാണിവ. അതനുസരിച്ചുള്ള ശ്രദ്ധയും പരിഗണനയും വികസന കാര്യത്തിൽ മണ്ഡലത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
- മണ്ഡലത്തിലെ പ്രധാന ജനകീയ പ്രശ്നങ്ങളിലൊന്നാണ് തിരൂർ പൊന്മുണ്ടം ബൈപാസ് ആർ.ഒ.ബി അപ്രോച്ച് ബ്രിഡ്ജ് നിർമാണം. എട്ടുവർഷത്തെ കാലപ്പഴക്കമുണ്ട് ഈ പദ്ധതിക്ക്. കേന്ദ്ര സർക്കാറിന്റെ സേതു ബന്ധൻ പദ്ധതിയിലുൾപ്പെടുത്തി 33 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി സാങ്കേതിക നടപടികൾ പൂർത്തീകരിക്കാനുണ്ട്. പൊന്മുണ്ടം ബൈപാസ് പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും
- തിരൂർ ജില്ല ആശുപത്രിയുടെ പ്രവർത്തനം ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ പാറ്റേണിൽ തന്നെയാണ്. പുതിയ ഓങ്കോളജി ബ്ലോക്കിന്റേത് ഉൾപ്പെടെ നിരവധി പദ്ധതികൾ പൂർത്തീകരിക്കാനുണ്ട്. കിടത്തി ചികിത്സയുണ്ടെങ്കിലും ജീവനക്കാരുടെ കുറവുണ്ട്
- വൈരങ്കോട് തിരുനാവായ 33 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ നിർമാണം, കൽപ്പകഞ്ചേരി 33 കെ.വി പ്രവൃത്തി, തിരൂർ 110 കെ.വി സബ്സ്റ്റേഷന്റെ ട്രാൻസ്ഫോർമർ ശേഷി വർധിപ്പിക്കൽ, 220 കെ.വി സബ്സ്റ്റേഷൻ പ്രവൃത്തി പൂർത്തിയാക്കണം
- ഹൈസ്കൂൾ സീറ്റ് ക്ഷാമം മണ്ഡലത്തിലുമുണ്ട്
- കിഫ്ബി വഴി സ്കൂളുകളുൾപ്പെടെ നിരവധി പ്രവൃത്തികൾക്ക് മണ്ഡലത്തിൽ ആരംഭിച്ചതും തുടങ്ങാനിരിക്കുന്നതും ഉണ്ട്
- ആഗോള തലത്തിൽത്തന്നെ ശ്രദ്ധേയമായ ഭൗമപദവി ലഭിച്ച തിരൂർ വെറ്റിലക്ക് സർക്കാറിൽനിന്ന് കൂടുതൽ ഇടപെടലുകൾ ഉണ്ടായാൽ കാർഷിക മേഖലയിൽ നേട്ടമാവും
വേണം എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ
2008ലെ നിയമസഭാ പുനർനിർണയത്തോടെയാണ് തവനൂർ നിയമസഭ നിലവിൽ വന്നത്. നെൽ കാർഷിക മേഖല ഏറെ ഉൾക്കൊള്ളുന്ന മണ്ഡലത്തിൽനിന്ന് സംഭരണം കാര്യക്ഷമമാക്കുക, ന്യായവില സമയത്തിന് ലഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയരുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്തും മുന്നേറാനുണ്ട്. പദ്ധതികൾക്ക് വേഗം വേണം. ആരോഗ്യ മേഖലയിൽ ജീവനക്കാരുടെ കുറവ് നികത്തിയും കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയും ജനങ്ങൾക്ക് ആശ്വാസം പകരണം.
- പലതവണ ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടും എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ നിർമാണം ആരംഭിച്ചില്ല.
- പല സർക്കാർ സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിൽ
- മൂന്നുവർഷം മുമ്പ് പണി ആരംഭിച്ച കോലെളമ്പ് പാലം പണി യാഥാർഥ്യമായില്ല.
ജീവനില്ലാതെ ജൽജീവൻ
- ജൽജീവൻ പദ്ധതിയുടെ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും വേഗതയില്ല.
വീടുകൾ അപകടഭീഷണിയിൽ
- പെരുമ്പറമ്പ് പട്ടികജാതി കോളനിയിലെ ഇരട്ട വീടുകൾ അപകട ഭീഷണിയിൽ.
- ചിലത് ഒറ്റ വീടുകൾ ആക്കിയെങ്കിലും ഇനിയും വീടുകളുണ്ട്
മാതൃശിശു ആശുപത്രി തുടങ്ങണം
- മാതൃശിശു ആശുപത്രി ആരംഭിക്കാൻ കെട്ടിടം നിർമിച്ചെങ്കിലും കേന്ദ്രം തുടങ്ങിയില്ല.
- എടപ്പാൾ സി.എച്ച്.സിയിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ല.
എങ്ങുമെത്താതെ പുഴയോര പാത
- മിനി പമ്പയെ പൊന്നാനി കർമ റോഡിനെ ബന്ധിപ്പിക്കുന്ന പുഴയോര
- പാത പ്രാഥമിക ചർച്ച നടത്തിയെങ്കിലും എവിടെയും എത്തിയില്ല
- നെൽകൃഷിയാണ് പ്രധാനം. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം മന്ദഗതിയിലാണ്
പൊന്നാനിക്കാർക്ക് പഠിക്കേണ്ടേ?
ഒരു മണ്ഡലത്തിൽ ഒരു സർക്കാർ കോളജ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്ത് നിരവധി കോളജ് ആരംഭിച്ചു. എന്നാൽ, പൊന്നാനിയിൽ ഒരു സർക്കാർ കോളജ് പോലുമില്ല. തീരദേശത്തിന്റെ പൊതു പ്രശ്നങ്ങൾ പൊന്നാനിക്കും ബാധകമാണ്. കടലാക്രമണം പരിഹരിക്കാൻ സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. കാർഷികമേഖലയിൽ പരാധീനതകൾ ഏറെയാണ്. വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ ഇനിയും ഉപയോഗപ്പെടുത്താനുണ്ട്. സ്ഥല പരിമിതി മൂലം മാലിന്യ സംസ്ക്കരണം പല പഞ്ചായത്തുകളിലും കീറാമുട്ടിയാണ്.
കടൽഭിത്തി വേണം
- കടലാക്രമണത്തിൽ റെഡ് സോണിലുള്ള പൊന്നാനിയിൽ കടൽഭിത്തി വേണം. 10 കോടി രൂപ ചെലവിൽ ഒരു കിലോമീറ്റർ മാത്രമാണ് കല്ലിടാൻ ഫണ്ട് അനുവദിച്ചത്.
- ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച തടയുന്ന പ്രവൃത്തികളും പാതിവഴിയിലാണ്.
മികച്ച റോഡുകൾ
- ദേശീയ, സംസ്ഥാന പാതകൾ മികച്ചതാണ്.
- പൊന്നാനി നരിപ്പറമ്പ് ദേശീയപാത വർഷങ്ങളായി തകർന്ന നിലയിൽ
വേനലിൽ കുടിവെള്ളക്ഷാമം
- നരിപ്പറമ്പ് സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമായിട്ടും വേനലിൽ കുടിവെള്ള പ്രശ്നം രൂക്ഷം.
- പഴയ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തികൾ ജൽജീവൻ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
ലൈഫ് പാതിവഴിയിൽ
- പെരുമ്പപ്പ് കോളനിയിൽ വീട് നിർമിക്കാനുള്ള സാങ്കേതിക തടസ്സം വർഷങ്ങളായി നിലനിൽക്കുന്നു.
- മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് പദ്ധതി പാതിവഴിയിലാണ്
വേണം ആവശ്യത്തിന് ഡോക്ടർമാർ
- പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
- മാതൃശിശു ആശുപത്രിയിലും ആവശ്യത്തിന് സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടെയില്ല.
- ആയുർവേദ ആശുപത്രി നിർമാണം നിലച്ചിട്ട് ഒരുവർഷം
സ്ഥലപരിമിതിയിൽ വിദ്യാലയങ്ങൾ
- മാറഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.