നവകേരള സദസ്സ് : കലാശം കലുഷിതം
text_fieldsതിരുവനന്തപുരം: നവകേരള സദസ്സ് ബസ് യാത്രക്ക് തലസ്ഥാന നഗരിയിൽ ‘ഹൈ വോൾട്ടേജ്’ സമാപനം. പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾതന്നെ ശനിയാഴ്ച തലസ്ഥാനത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങി. അവർക്കുനേരെ പൊലീസിന്റെ ഗ്രനേഡ് പ്രയോഗം പ്രതിപക്ഷ പ്രതിഷേധത്തോട് വിട്ടുവീഴ്ചയില്ലെന്ന സർക്കാർ നിലപാട് ആവർത്തിച്ചുറപ്പിച്ചു. ഇതോടെ ഒരുമാസത്തിലേറെ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച നവകേരള സദസ്സ് യാത്രയെ ചൊല്ലിയുള്ള പോര് പുതിയതലത്തിലെത്തി. ജനുവരിയിൽ ചേരാനിരിക്കുന്ന നിയമസഭ സമ്മേളനമടക്കം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
കേന്ദ്രം കേരളത്തോട് കാട്ടുന്ന സാമ്പത്തിക ഉപരോധം സംബന്ധിച്ച ബോധവത്കരണം, സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ച ജനകീയ സംവാദം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചാണ് സർക്കാർ നവകേരള സദസ്സ് തുടങ്ങിയത്.
കാസർകോട്ട് തുടങ്ങി 36 ദിവസം സഞ്ചരിച്ച് തിരുവനന്തപുരത്ത് നവകേരള ബസ് ബ്രേക്കിട്ടപ്പോൾ മുഖ്യചർച്ചയായത് ഇവ രണ്ടുമല്ല. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും അതിനെ സർക്കാറും പാർട്ടിയും നേരിട്ട രീതിയുമാണ് മുഖ്യചർച്ച.
സർക്കാർ സംവിധാനമൊന്നാകെ രംഗത്തിറങ്ങിയും ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി സ്പോൺസർഷിപ് കണ്ടെത്തിയുമാണ് ആർഭാടത്തോടെ നവകേരള സദസ്സ് ഒരുക്കിയത്. സർക്കാർ ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ബാക്കിപത്രം ഭരണ-പ്രതിപക്ഷ പോര് മാത്രം.
നവകേരള സദസ്സിലെത്തിയ പരാതികളിലെ തീർപ്പ് ഒച്ചിഴയും വേഗത്തിലാണ്. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും മന്ത്രിസഭ ഒന്നിച്ചെത്തുന്നെന്ന പുതുമ ജനങ്ങളെ ആകർഷിച്ചുവെന്നത് ഇടതുപക്ഷത്തിന് നേട്ടമായേക്കും.
മുഖ്യമന്ത്രിയുടെ പ്രഭാത കൂടിക്കാഴ്ചയിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖർ സി.പി.എമ്മിന്റെ പൊതുസമ്പർക്കം മെച്ചപ്പെടുത്തി. പാർട്ടിയുടെ വിഭവസമാഹരണത്തിനുള്ള പുതിയ സാധ്യതകൾ തുറന്നു. അതിനപ്പുറം സി.പി.എം അവകാശപ്പെടുന്നതുപോലെ ജനകീയ മുന്നേറ്റമാകാൻ യാത്രക്ക് കഴിഞ്ഞില്ല. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുമായുള്ള താരതമ്യത്തിലും സദസ്സ് ബഹുദൂരം പിന്നിലാണ്. സപ്ലൈകോ-ക്രിസ്മസ് ചന്തയിൽ സബ്സിഡി സാധനങ്ങളില്ലാത്തതും ക്ഷേമ പെൻഷൻ മുടങ്ങിയതിന് കോടതിയിൽനിന്ന് ഏറ്റ പ്രഹരവും നികുതിനിരക്കുകൾ കൂട്ടിയിട്ടും സാമ്പത്തികനില മോശമായി തുടരുന്നതുമടക്കം വിഷയങ്ങൾ പിന്നിലേക്ക് തള്ളി നവകേരള സദസ്സ് മുഖ്യചർച്ചയായത് ഭരണപക്ഷത്തിന് ആശ്വാസമാണ്. മുഖ്യമന്ത്രിയുടെ ബസ് പര്യടനം തങ്ങൾക്കും ഗുണമായെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു.
പിണറായിയുടെ ജീവൻരക്ഷ പ്രവർത്തന സിദ്ധാന്തം സി.പി.എമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയപ്പോൾ അത് പ്രതിപക്ഷത്തിന് പുതിയ ഉണർവായി. കെ.പി.സി.സിയും യൂത്ത് കോൺഗ്രസും തലസ്ഥാനത്ത് നടത്തിയ പ്രതിഷേധങ്ങളിൽ ഈ ആവേശം പ്രകടമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.