നവകേരള സദസ്സ്; പരാതി പരിഹാരം എളുപ്പമാകില്ല
text_fieldsതിരുവനന്തപുരം: നവകേരള സദസ്സ് സമാപിക്കുമ്പോൾ 140 നിയോജക മണ്ഡലങ്ങളിൽനിന്നായി ലഭിച്ച പരാതികൾ പൂർണമായും തീർപ്പാക്കുക എളുപ്പമാകില്ലെന്ന് വിലയിരുത്തൽ. പരാതി ബന്ധപ്പെട്ട വകുപ്പുകൾക്കും ഓഫിസുകൾക്കും കൈമാറിയിരിക്കുകയാണ്. എത്ര തീർപ്പാക്കിയെന്ന കണക്ക് പുറത്തുവിട്ടിട്ടില്ല.
പരിഗണിച്ചുവരുന്നതായും കഴിയുന്നത്ര വേഗം തീർപ്പാക്കുമെന്നാണ് വിശദീകരണം. വിവിധ ഓഫിസുകളിലും അധികാര കേന്ദ്രങ്ങളിലും പലവട്ടം സമർപ്പിച്ച് തീരുമാനമാകാത്തവയാണ് ലഭിച്ചവയിൽ വലിയൊരു ശതമാനവും. കോടതി പരിഗണനയിലുള്ള വിഷയങ്ങൾ, സർക്കാർ നയപരമായി തീരുമാനമെടുക്കേണ്ടവ, റവന്യൂ അടക്കം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങൾ തുടങ്ങിയവ പരാതികളിൽപെടും. മിക്കതും വേഗം പരിഹരിക്കാവുന്നതുമല്ല.
റവന്യൂ, തദ്ദേശം തുടങ്ങി പരാതി കൂടുതലായി ലഭിച്ച വകുപ്പുകളിൽ തീർപ്പാക്കലും വൈകാനാണ് സാധ്യത. ആകെ ലഭിച്ചത് 6,21,167 പരാതിയാണ്. ഇവ സമയബന്ധിതമായി പരിഹരിക്കാൻ ജില്ലകളിൽ സ്പെഷൽ ഓഫിസർമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ സർക്കാർ പരിഗണനയിലുണ്ട്. ഇതിലൂടെ വിവിധ വകുപ്പുകളുമായി ഏകോപനം നടത്താനും കാലവിളംബമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. പരാതി സ്വീകരിക്കലല്ല നവകേരള സദസ്സിൽ പ്രധാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യാത്ര വൻ വിജയമാണെന്ന് അവകാശപ്പെടുന്ന സർക്കാറും ഇടതുമുന്നണിയും പരാതികളുടെ ഭാവിയിൽ കൂടുതൽ വിശദീകരണത്തിന് മുതിരുന്നില്ല.
ഏറ്റവുമധികം പരാതി മലപ്പുറം ജില്ലയില് നിന്നാണ്; 81,354. തലസ്ഥാന ജില്ലയിൽനിന്ന് മാത്രം 61,533 പരാതി എത്തി. മിക്ക ജില്ലയിൽനിന്നും 40,000 ലധികം പരാതി ലഭിച്ചതായാണ് ഔദ്യോഗിക കണക്ക്. പരിഹാരത്തിനായി വകുപ്പുകൾക്ക് കൈമാറുന്ന പരാതികളിലെ തുടർനടപടി കൃത്യമായി പിന്തുടരുന്നുണ്ടോയെന്നതിൽ ആശങ്ക പങ്കുവെക്കുന്നവരുമുണ്ട്.
വി.വി.ഐ.പി പരിഗണന -മന്ത്രി കെ. രാജൻ
കോഴിക്കോട്: നവകേരള സദസ്സിൽ ലഭിച്ച പരാതികൾക്ക് വി.വി.ഐ.പി പരിഗണന നൽകുമെന്ന് മന്ത്രി കെ. രാജൻ. സാധ്യമാകുന്ന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ നടപടിയെടുക്കും. ജില്ലയിലെ പരാതികൾ 30 ദിവസത്തിനകവും സംസ്ഥാനത്തിലെ പരാതികൾ 60 ദിവസത്തിനകവും പരിഹരിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.