നവകേരള സദസ് പാഴ്വേലയായി മാറി; വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: നവകേരള സദസ് പാഴ്വേലയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണിത്. ഒരു വ്യക്തിയുടെ കൈയിൽ നിന്ന് അപേക്ഷ മുഖ്യമന്ത്രി വാങ്ങിക്കുകയോ മന്ത്രിമാർ അപേക്ഷ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
1980ൽ സ്പീഡ് പ്രോഗ്രാം എന്ന ബഹുജന സമ്പർക്ക പരിപാടി ആദ്യം നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ്. പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി. കരുണാകരനും ഉമ്മൻചാണ്ടിയും ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി വാങ്ങി ഉത്തരവിടുകയായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പരാതി വാങ്ങുകയോ ജനങ്ങളോട് സംസാരിക്കുകയോ ചെയ്യുന്നില്ല.
മുഖ്യമന്ത്രി രാജാപ്പാർട്ടായി ഇരിക്കുകയും മന്ത്രിമാർ ദാസന്മാരായി നിൽക്കുകയും ചെയ്യുന്നു. നവകേരള സദസിൽ രാഷ്ട്രീയ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തുന്നത്. പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രധാനദൗത്യം. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക തകർച്ച, പെൻഷൻ, കർഷക ആത്മഹത്യ എന്നിവയെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
21 മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും കാറിൽ യാത്ര ചെയ്താൽ ചെലവ് 12.60 ലക്ഷം രൂപ മാത്രം മതി. ഇപ്പോൾ ബസിന് മാത്രം 1.05 കോടി രൂപയായി. 45 കാറുകൾ ബസിനെ അനുഗമിക്കുന്നു. പണപ്പിരിവും ധൂർത്തും ചേർന്ന പാർട്ടി മേളയാണ് നവകേരള സദസ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.