നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsപുനലൂർ
പ്രധാന പ്രശ്നം പട്ടയവും വന്യമൃഗ ശല്യവും
മണ്ഡലത്തിലെ പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, ഏരൂർ പഞ്ചായത്തുകളിൽ ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിക്കുന്നത്. പരിഹാരമായി കർമപദ്ധതി നടപ്പാക്കാൻ ഒരു വർഷം മുമ്പ് കലക്ടറുടെ മേൽനോട്ടത്തിൽ തുടക്കമിട്ടെങ്കിലും ഇതുവരെയും നടപ്പായില്ല. പട്ടയമാണ് മറ്റൊരു പ്രശ്നം. വനഭൂമി, റെയിൽവേ പുറമ്പോക്ക്, കെ.ഐ.പി കനാൽ പുറമ്പോക്ക് തുടങ്ങിയ കൈവശ ഭൂമിയിലുള്ള അയ്യായിരത്തോളം കുടുംബങ്ങൾക്കും അരിപ്പയിൽ ഭൂസമരക്കാരായ നൂറോളം കുടുംബങ്ങൾക്കും പട്ടയം ലഭിക്കാനുണ്ട്. താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 1581 അപേക്ഷകളാണുള്ളത്. 11 വർഷം മുമ്പ് സംയുക്ത പരിശോധന പൂർത്തിയാക്കിയെങ്കിലും പട്ടയം ലഭ്യമായിട്ടില്ല.
- ദേശീയപാതയുടെ അവസ്ഥ പുനലൂർ മുതൽ കോട്ടവാസൽ വരെ ദയനീയം. പലയിടത്തും ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതിയേയുള്ളു.
- പുനലൂർ വാളക്കോട്ടുള്ള ഇടുങ്ങിയ റെയിൽവേ മേൽപാലം പുനർനിർമിക്കാൻ നടപടിയില്ല
- ആര്യങ്കാവ് മുരുകാൻപാഞ്ചാൽ ഭാഗത്ത് റോഡ് പൂർണമായി തകർന്നു
- മലയോര ഹൈവേയുടെ അശാസ്ത്രീയമായ അലൈൻമെന്റ് മൂലം അപകടം പതിവാണ്
- സംസ്ഥാനപാത മൂന്നുവർഷം മുമ്പ് തുടങ്ങിയ നിർമാണ പ്രവൃത്തികൾ പൂർത്തിയായില്ല.
- പുനലൂർ നഗരസഭയിലും കരവാളൂരിലും കുടിവെള്ള പ്രശ്നം രൂക്ഷം.
- വട്ടപ്പടയിൽ പുതിയ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും പ്രാഥമികഘട്ടംപോലും പിന്നിട്ടില്ല.
- പുനലൂർ നഗരസഭ ഒഴികെയുള്ള പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണം കീറാമുട്ടിയാണ്.
- തെന്മലയിലും ആര്യങ്കാവിലും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം കുന്നുകൂടിക്കിടക്കുന്നു.
- പുനലൂരിൽ പ്ലാച്ചേരിയിൽ മാലിന്യ സംസ്കരണം നടക്കുന്നുണ്ടെങ്കിലും പരിസരവാസികൾക്കുള്ള ദുരിതം പരിഹരിക്കുന്നില്ല.
- പൊതുമേഖല സ്ഥാപനമായ പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ (ആർ.പി.എൽ) അടക്കം സ്ഥാപനങ്ങളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിൽ.
- സ്വകാര്യ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ താമസിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിൽ. പുനരധിവാസത്തിനായി സർക്കാർ പ്രഖ്യാപിച്ച ഭവന പദ്ധതിയും നടപ്പായില്ല.
- അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് തുറക്കാനോ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനോ നടപടിയില്ല.
- തെന്മല ഇക്കോടൂറിസം കാലോചിത പരിഷ്കാരങ്ങൾ ഇല്ലാതെ മുരടിക്കുന്നു.
- കിഴക്കൻ മേഖലയിലെ ടൂറിസം പോയൻറുകൾ ബന്ധിപ്പിച്ച് സർക്യൂട്ട് ടൂറിസം നടപ്പാക്കുമെന്നത് പ്രഖ്യാപനം മാത്രമായി
- പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലും മലയോര മേഖലയിലെ ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നു.
- ഉരുൾപൊട്ടലിൽ നാശം നേരിട്ട ആര്യങ്കാവിലെ ഇടപ്പാളയം, അമ്പനാട്, അച്ചൻകോവിൽ ഭാഗങ്ങളിൽ ജനങ്ങൾ ഇപ്പോഴും ഭീതിയിൽ.
- ഇടപ്പാളയത്ത് മണ്ണ് പര്യവേക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത് എങ്ങുമെത്തിയില്ല.
- തെന്മല കേന്ദ്രീകരിച്ച് ഫയർഫോഴ്സ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കവും നടപ്പായില്ല
കൊട്ടാരക്കര
റോഡെവിടെ? വീടെവിടെ? വെള്ളമെവിടെ?
റോഡുകൾ മിക്കതും തകർച്ചയിൽ. അപകടങ്ങൾ ഒഴിയാതെ കിടക്കുന്ന കുളക്കട - ഏനാത്ത് എം.സി റോഡിന്റെ സ്ഥിതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ചെറുതും വലുതുമായി 57 വളവുകളാണ് ഈ റൂട്ടിലുള്ളത്. കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണവും പാതി വഴിയിലാണ്. ചന്ത മാറ്റിസ്ഥാപിക്കുമെന്ന് പറഞ്ഞതല്ലാതെ നടപടിയായില്ല. തൃക്കണ്ണമംഗൽ ഗാന്ധിനഗർ മേഖല, വെളിയം പഞ്ചായത്തിലെ മുട്ടറ, മണികണ്ഠേശ്വരം, തുറവൂർ, കുടവട്ടൂർ എന്നിവിടങ്ങളിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷം. കൊട്ടാരക്കര നഗരസഭയുടെ കുടിവെള്ള പദ്ധതി ഇതുവരെയും പ്രായോഗികമായിട്ടില്ല. ഓടനാവട്ടം, വെളിയം, കുടവട്ടൂർ, ചെറുകരക്കോണം, അയണിക്കോട് എന്നിവിടങ്ങളിൽ ഭൂരഹിതർ ധാരാളം. ഇവിടെ 25 കുടുംബങ്ങൾ വാസയോഗ്യമായ താമസ സ്ഥലവും വൈദ്യുതിയും ഇല്ലാതെ ദുരിതത്തിൽ.
- നെടുമൺകാവ് സി.എച്ച്.സിയിൽ രാത്രിയിൽ ഡോക്ടർമാരുടെ സേവനം ഇല്ല.
- കുടവട്ടൂരിൽ ഖനനം ചെയ്ത് ഉപേക്ഷിച്ച പാറമടകൾ വലിയ പാരിസ്ഥിതിക പ്രശ്നമാണ്. 500ഓളം കുടുംബങ്ങൾ വീട് തകരുമെന്ന ഭീതിയിൽ.
- . കൊട്ടാരക്കര നഗരത്തിലടക്കം മാലിന്യ സംസ്കരണ സംവിധാനങ്ങളും തകരാറിൽ.
- കൊട്ടാരക്കര താലൂക്കിൽ ഒരുകാലത്ത് പ്രധാന വ്യവസായമായിരുന്ന കശുവണ്ടി വ്യവസായം തകർച്ചയിൽ. നിരവധി ഫാക്ടറികൾ പൂട്ടി.
- കൊട്ടാരക്കര നഗരസഭയിലെ ഉഗ്രകുന്ന് വാർഡിൽ 50 ലക്ഷം രൂപ ചെലവാക്കി നിർമിച്ച ശ്മശാനം കാടുകയറി നശിക്കുന്നു.
- കിഫ്ബിയിൽ പെടുത്തി കൊട്ടാരക്കര -തിരുവനന്തപുരം റോഡ് നാലുവരിപ്പാതയാക്കാൻ എസ്റ്റിമേറ്റ് എടുത്തതല്ലാതെ നടപടിയായില്ല.
- .പ്രകൃതി ക്ഷോഭം, അടിസ്ഥാന സംവിധാനങ്ങളുടെ അഭാവം എന്നിവ മൂലം കൃഷി നശിക്കുന്നത് പതിവാണ്. സർക്കാറിൽനിന്നുള്ള സഹായം പരിമിതം.
- ദേവസ്വം ബോർഡിന്റെ പൈതൃക കലാകേന്ദ്രം കെട്ടിടം നിലംപൊത്താറായ സ്ഥിതിയിൽ.
- . ആശാൻ മുക്കിലെ ഇ.കെ. നായനാർ സാംസ്കാരിക നിലയം അടഞ്ഞിട്ട് അഞ്ചു വർഷമാകുന്നു.
- വെളിയം കോളനിയിലെ ദലിത് വായനശാലയും അടഞ്ഞുകിടക്കുകയാണ്.
- മരുതിമലയിലെ ഇക്കോ ടൂറിസം പദ്ധതി പാതിവഴിയിൽ. 2012ൽ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചു. ശേഷം സമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറി.
പത്തനാപുരം
പുത്തനാകട്ടെ പത്തനാപുരം
പത്തനാപുരത്തെ പ്രധാന പ്രശ്നം മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല എന്നതാണ്. നിരവധി പദ്ധതികൾ തയാറാക്കിയെങ്കിലും എല്ലാം ചുവപ്പ് നാടയിൽ കുരുങ്ങി. കുമരംകുടിയിലെ എസ്.എഫ്.സി.കെ എസ്റ്റേറ്റിലും പിറവന്തൂർ മാക്കുളം തോട്ടത്തിലും മാലിന്യ സംസ്കരണ പ്ലാന്റിനായി പദ്ധതിയിട്ടെങ്കിലും മുന്നോട്ടുപോയില്ല. പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിക്കാൻ സര്വേയും സാങ്കേതിക പഠനവും നടത്തിയെങ്കിലും തുടര് പ്രവര്ത്തനമുണ്ടായില്ല.
- റോഡുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും വൈകുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചും എഫ്.ഡി.ആർ ടെക്നോളജി ഉപയോഗിച്ചും ആരംഭിച്ച പദ്ധതികൾ പൂർത്തിയായില്ല.
- പള്ളിമുക്ക് - ഏനാത്ത് പാത നിർമാണം ഇഴയുന്നു
- ഭവനരഹിതർ ധാരാളം ഇപ്പോഴുമുണ്ട്.
- പത്തനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രി എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല.
- പിടവൂരിൽ താലൂക്ക് ആശുപത്രി തുടങ്ങാൻ സ്ഥലം ഏറ്റെടുത്തെങ്കിലും മറ്റ് നടപടിയില്ല.
- നഴ്സിങ് കോളജ് അനുവദിച്ചെങ്കിലും സ്ഥല പരിമിതി അടക്കം പ്രശ്നങ്ങൾക്ക് പരിഹാരമായില്ല
- വിളക്കുഴി, പട്ടാഴി ഭാഗങ്ങളിൽ പാറഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
- റബർ പാർക്ക് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ച് പത്തു വർഷം പിന്നിട്ടിട്ടും ഒരു വ്യവസായം പോലും ആരംഭിച്ചിട്ടില്ല.
- മരച്ചീനി, വെറ്റില കർഷകർക്ക് ആവശ്യമായ പ്രതിഫലമോ ലാഭമോ ലഭിക്കുന്നില്ല
- ഷീ ടാക്സി, ഷീ ലോഡ്ജ്, ഷീ സൂപ്പർമാർക്കറ്റ് എന്നിവ ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല.
- കുരിയോട്ടുമല ആദിവാസി കോളനിയിൽ ആരംഭിച്ച മാതൃകാ ഭവന പദ്ധതി കാടുമൂടി നശിക്കുന്നു
- വനമേഖലയോട് അടുത്ത പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കർഷകർക്ക് നാമമാത്ര സംരക്ഷണംപോലും ലഭിക്കുന്നില്ല.
കുന്നത്തൂർ
കുന്നോളം വികസന മോഹങ്ങൾ...
ശാസ്താംകോട്ട തടാക സംരക്ഷണം, മൈനാഗപ്പള്ളി മേൽപാലം, പൈപ്പ് റോഡ് വികസനം, ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം, റെയിൽവേ സ്റ്റേഷൻ വികസനം, കനാൽ നിർമാണം പൂർത്തിയാകാത്തത്, തടാക തീരത്തെ കൈയേറ്റങ്ങൾ, ചില പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാത്തത്, മൈനാഗപ്പള്ളിയിലെ റെയിൽവേ ഗേറ്റുകൾ, കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങി വികസന ആവശ്യങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
- വെറ്റമുക്ക് - താമരക്കുളം റോഡിന്റെ ഒന്നാംഘട്ട പണിക്ക് ശേഷം കരാറുകാരൻ രണ്ട് വർഷം മുമ്പ് പണി ഉപേക്ഷിച്ചുപോയി.
- ഗ്രാമീണ റോഡുകൾ പലതും തകർച്ചയിൽ.
- കുന്നത്തൂർ പഞ്ചായത്തിൽ ചേലൂർ കുടിവെള്ള പദ്ധതിയിൽ വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത വെള്ളമെന്ന് പരാതി.
- ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ എന്നിവർ ആവശ്യത്തിനില്ല.
- മൈനാഗപ്പള്ളി, ശൂരനാട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കിടത്തി ചികിത്സ ഇല്ല.
- മൈനാഗപ്പള്ളി കടപ്പ എൽ.വി.എച്ച്.എസിൽ പ്ലസ് ടു അനുവദിക്കണം.
- സർക്കാർ കോളജ് ആരംഭിച്ചിട്ടില്ല.
- മണ്ഡലത്തിൽ ഒരു വ്യവസായ സ്ഥാപനങ്ങളും ഇല്ല.
- സ്ത്രീ സൗഹൃദ പദ്ധതികൾ ഒന്നും തന്നെ ഇല്ല
- .30ലധികം സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച താലൂക്ക് ഓഫിസ് കെട്ടിടം വെറുതെ കിടക്കുന്നു
- പോരുവഴി പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾക്ക് പട്ടയം കിട്ടാത്ത സാഹചര്യം ഉണ്ട്.
- ടെക്നോ പാർക്ക് പോലെ വൻകിട സംവിധാനങ്ങൾ ഒന്നും മണ്ഡലത്തിൽ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.