സർക്കാർ-ഗവർണർ പോരിൽ മുങ്ങി നവകേരള സദസ്സ്
text_fieldsതിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് തെരുവിലെത്തിയതോടെ മുമ്പെങ്ങുമില്ലാത്ത നിലയിൽ സംസ്ഥാന രാഷ്ട്രീയം. വിട്ടുകൊടുക്കാനില്ലെന്ന ഉറച്ച നിലപാടുമായി ഗവർണർ പ്രകോപനം തുടരുമ്പോൾ സർക്കാറും മുട്ടുമടക്കുന്നില്ല.
എന്നാൽ, ഗവർണറുടെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും മുന്നിൽ തടസ്സങ്ങളുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര സർക്കാർ-ഗവർണർ പോരിൽ മുങ്ങുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത് സി.പി.എം ആഗ്രഹിക്കുന്നില്ല. അതേസമയം, ഗവർണറുടെ പ്രകോപനത്തോട് കണ്ണടക്കാനും വയ്യ. സി.പി.എം മാറി നിന്ന് എസ്.എഫ്.ഐയെ മുന്നിൽ നിർത്തിയുള്ള പ്രതിഷേധം ഈ സാഹചര്യത്തിലാണ്.
നവകേരള ബസിനുമുന്നിൽ കരിങ്കൊടിയുമായി ഇറങ്ങിയിടത്തെല്ലാം യൂത്ത് കോൺഗ്രസുകാർക്ക് പൊലീസിന്റെയും സി.പി.എം പ്രവർത്തകരുടെയും അടികിട്ടി. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം മഹാപരാധമെന്ന നിലക്ക് കൈകാര്യം ചെയ്യുന്ന അതേസമയത്തുതന്നെയാണ് എസ്.എഫ്.ഐക്ക് ഗവർണർക്കെതിരെ കരിങ്കൊടിയുമായി രംഗത്തിറങ്ങേണ്ടിവന്നത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടിയോട് ഒട്ടും സഹിഷ്ണുത കാണിക്കാൻ കഴിയാത്ത പാർട്ടിയും സർക്കാറും ഗവർണർക്കെതിരായ കരിങ്കൊടി ജനാധിപത്യ പ്രതിഷേധമെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഇരട്ടത്താപ്പ് പ്രതിപക്ഷം ചർച്ചയാക്കിയത് സർക്കാറിനെ വെട്ടിലാക്കുന്നു.
എസ്.എഫ്.ഐ പ്രതിഷേധത്തോട് ഗവർണർ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. റോഡിലിറങ്ങി നിന്ന് ഗുണ്ടകളെന്നും ക്രിമിനലുകളെന്നും വിളിച്ചു. തന്നെ അപായപ്പെടുത്താൻ ആളെ അയക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പലകുറി പരസ്യമായി ആരോപിച്ചു. കാമ്പസിൽ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐ വെല്ലുവിളി ഏറ്റെടുത്ത ഗവർണർ കാലിക്കറ്റ് കാമ്പസിൽ താമസിക്കാൻ തീരുമാനിച്ച് അവിടെ വരികയും ചെയ്തു.
ഏതറ്റം വരെയും പോകാൻ തയാറാണെന്ന ഗവർണറുടെ ഈ നീക്കങ്ങളോട് സർക്കാറിന്റെയും സി.പി.എമ്മിന്റെയും പ്രതികരണം മയപ്പെട്ട നിലയിലാണ്. ഗവർണർ എന്തൊക്കെയോ പറയുന്ന നിലയിലെത്തിയെന്ന മിതമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഗവർണറെ എന്തുവിലകൊടുത്തും തടയുമെന്ന പ്രതിഷേധം കാലിക്കറ്റ് കാമ്പസിൽ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടായതുമില്ല. ഗവർണർ മുറുകുമ്പോൾ അതുപോലെ തങ്ങളും മുറുക്കുന്നത് ഈ ഘട്ടത്തിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് സി.പി.എമ്മിന്റെ സംയമന നിലപാടിന്റെ പിന്നിൽ. കാലിക്കറ്റ്, കേരള സെനറ്റുകളിലേക്ക് ഗവർണർ നടത്തിയ നാമനിർദേശങ്ങൾ സംഘ്പരിവാർ താൽപര്യമനുസരിച്ചുള്ളതാണ്.
വി.സി നിയമനത്തിനുള്ള നടപടികളിലേക്ക് നീങ്ങിയ ഗവർണർ അവിടെയും അത് തുടരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ ശക്തമായ എതിർപ്പ് ഉയർന്നുവരേണ്ട വിഷയമാണിത്. അതൊന്നുമില്ലാതെ കാവി അജണ്ട നടപ്പാക്കപ്പെടുന്നെന്നതാണ് ഗവർണർ-സർക്കാർ പോരിന്റെ ബാക്കിപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.