'കേരളത്തിൽ മാറ്റം കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാർ, 2016ന് മുമ്പ് എല്ലാ മേഖലയിലും നിരാശ മാത്രം'
text_fieldsകാസർകോട്: 2016നു മുമ്പ് എല്ലാ മേഖലയിലും കേരളീയർ കടുത്ത നിരാശയിലായിരുന്നുവെന്നും യു.ഡി.എഫായിരുന്നു ഭരിച്ചതെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ പലകാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. മുന്നോട്ടു പോക്കിനു വല്ലാത്ത തടസം നമുക്കു അനുഭവപ്പെട്ട സമയമുണ്ടായിരുന്നു. കേരളമാകെ കടുത്ത നിരാശയിൽ കഴിഞ്ഞ കാലമുണ്ടായിരുന്നു. 2016നു മുമ്പ് എല്ലാ മേഖലയിലും കേരളീയർ കടുത്ത നിരാശയിലായിരുന്നു. യു.ഡി.എഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നു.
നവകേരള സദസ്സ് തീർത്തും ഒരു സർക്കാർ പരിപാടിയാണ്. സർക്കാറിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിൽനിന്ന് എങ്ങനെയെങ്കിലും മറച്ചുവെക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്‍റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിക്കുകയാണ്. അത് സംസ്ഥാന താത്പര്യമല്ല. അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാൽ ജനങ്ങൾ അതിനോടൊപ്പമില്ല -മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിനായി മന്ത്രിമാർ യാത്രചെയ്യുന്ന ബസിലെ ആർഭാടം മാധ്യമങ്ങൾക്ക് നേരിട്ട് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസിന്‍റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആർഭാടം കണ്ടെത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.