നവകേരള സദസ്സ്: ജനമൊഴുകി; 3775 നിവേദനങ്ങൾ
text_fieldsകോഴിക്കോട് എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് കോഴിക്കോട് ബീച്ചിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യമാണത്. ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങൾ നോക്കുമ്പോൾ അത് ആരും അംഗീകരിക്കും. ഓരോ കൊല്ലവും ഇതാ കിട്ടിയെന്ന് തോന്നുമെങ്കിലും കേരളത്തിന് പ്രഖ്യാപിക്കില്ല. ഇതുപോലെ നാടിന് പ്രതികൂലമായ അനേകം നിലപാട് കേന്ദ്രമെടുത്തു. ഇപ്പോൾ എതിർ നിലപാടുകളുടെ മൂർധന്യതയിലാണ്. ഇതിനെതിരെ ജനങ്ങൾക്കൊപ്പം തുറന്നെതിർക്കാൻ പ്രതിപക്ഷം തയാറാകുന്നില്ല. കേരളം മുന്നോട്ടുവെക്കുന്ന ബദൽ, മതേതര നിലപാടാണ് കേന്ദ്രത്തെ ചൊടിപ്പിക്കുന്നത്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവുമാണ് വേണ്ടത്. അധികാരവും ധനവുമുള്ള പ്രാദേശിക സർക്കാറാണ് ആവശ്യം. എന്നാൽ, സംസ്ഥാന സർക്കാറിന്റെ അധികാരമടക്കം കേന്ദ്രം കവരാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കടകളുടെ മുഖച്ഛായ മാറ്റാൻ സാധിച്ചതായി മന്ത്രി ജി.ആർ. അനിലും നവകേരള സദസ്സിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ നിവേദനങ്ങളിലും സർക്കാറിന്റെ ശ്രദ്ധയെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഹൃദയ ശൂന്യമായ പ്രതിപക്ഷവും ഹൃദയമുള്ള സർക്കാറുമാണുള്ളതെന്നും അതിന്റെ ഉദാഹരണമാണ് സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുത്തത് തടയാൻ നോക്കിയതെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിൽ ഹൃദയം എത്തിച്ചത്, ഹെലികോപ്റ്ററിനെ എതിർത്ത മാധ്യമങ്ങൾക്കുതന്നെ വാർത്തയാക്കേണ്ടിവന്നെന്നും മന്ത്രി പറഞ്ഞു.
‘സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ വൻ വർധന’
എലത്തൂർ: സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ വൻ വർധനയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എലത്തൂർ മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ൽ പ്രതിശീർഷ വരുമാനം 1,48,000 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2,28,000 രൂപയായി ഉയർന്നു. പ്രതിശീർഷ വരുമാനത്തിൽ വർധനയുള്ള രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത വ്യവസായ മേഖലയിൽ നല്ല ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ കയർ മേഖലയുടെ പുനരുദ്ധാരണത്തിന് 1455 കോടി രൂപ ചെലവഴിച്ചു. കശുവണ്ടി മേഖലയിൽ 640 കോടി രൂപയാണ് ചെലവഴിച്ചത്. കരകൗശല മേഖലയിൽ 47 കോടി രൂപ ലഭ്യമാക്കാനായി. കെ.എസ്.ആർ.ടി.സിക്ക് 10,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കാനായി. മൂന്നു ലക്ഷത്തോളം പേർക്ക് പട്ടയം നൽകാനായി. ബാക്കിയുള്ളവർക്ക് അതിവേഗം പട്ടയം കൊടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, വീണ ജോർജ് തുടങ്ങിയവർ സംസാരിച്ചു. എലത്തൂർ മണ്ഡലം നവകേരള സദസ്സ് നോഡൽ ഓഫിസർ പി.ടി. പ്രസാദ് സ്വാഗതവും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.