ജനസാഗരം, നവകേരള സദസ്സ്
text_fieldsകണ്ണൂർ: നവകേരള സദസ്സിന് കണ്ണൂർ ജില്ലയിൽ പ്രൗഢോജ്ജ്വല തുടക്കം. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിൽ നടന്ന പരിപാടികളിൽ അക്ഷരാർഥത്തിൽ ജനനിബിഡമായി.
പയ്യന്നൂർ: പുതിയ കേരളത്തിനായുള്ള മാറ്റത്തിന് സർക്കാർ ശ്രമം നടത്തുമ്പോൾ മാറ്റമേ പാടില്ലെന്ന നിലപാടുമായി നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും കേന്ദ്ര സർക്കാറിനെ കൂടി ഇതിന്റെ ഭാഗമാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ് പയ്യന്നൂർ പൊലീസ് മൈതാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിസന്ധികളിൽ തകരാതെയും തളരാതെയും നമ്മുടെ നാടിനെ നവകേരളമാക്കി മാറ്റാമെന്നതിന്റെ തെളിവാണ് സർക്കാർ. ആരെന്തു സമീപനം സ്വീകരിച്ചാലും നാടിന്റെ വികസനത്തിനായി സർക്കാർ കൂടുതൽ വേഗതയോടെ പ്രവർത്തിക്കും. ജനങ്ങളുടെ പിന്തുണയാണ് കേരള മന്ത്രിസഭയുടെ കരുത്ത്. അതാണ് നവകേരള സദസ്സിലെ ജനപ്രവാഹത്തിലൂടെ കാണാനാകുന്നത്.
ദേശീയപാത വികസനത്തിൽ 25 ശതമാനവും കേരളത്തിന്റെ ഫണ്ടാണ്. ദേശീയപാത വികസനത്തോടൊപ്പം മലയോര, തീരദേശ ഹൈവേകളുടെ പ്രവൃത്തികളും നടക്കുന്നു. പതിനായിരം കോടിയുടെ പ്രവൃത്തികളാണ് ഇതിൽ നടക്കുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതി യാഥാർഥ്യമാക്കിയ്. വ്യവസായങ്ങൾക്ക് അടക്കം ഇന്ധനമായി ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ 99 ശതമാനവും സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞ മുഖ്യമന്ത്രി അവസാന ഭാഗത്ത് പ്രതിപക്ഷത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് പിൻവാങ്ങിയത്. മാറ്റം വേണമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ മാറ്റമേ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഡ്വ. ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
പഴയങ്ങാടി: സംഘാടകരുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചെത്തിയ ജനത്തിന്റെ ബാഹുല്യമായിരുന്നു കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിൽ. 25000 പേരെ ഉൾക്കൊള്ളാനായി ഒരുക്കിയ മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിലേക്ക് രാവിലെ 11 ഓടെ തന്നെ ജനം ഒഴുകി തുടങ്ങിയിരുന്നു. ഔദ്യോഗിക പരിപാടികൾ ആരംഭിക്കാൻ നിശ്ചയിച്ച ഉച്ചക്ക് രണ്ടോടെ പാളയം ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞു. തുടർന്ന് ആയിരങ്ങൾ പന്തലിന് പുറത്ത് പൊരിവെയിലത്ത് നിലയുറപ്പിച്ചു.
വിപുലമായ സൗകര്യം സംഘാടകർ ഒരുക്കിയിട്ടും ഉൾകൊളളാനാവാത്ത ജനബാഹുല്യമാണ് കല്യാശേരിയിലേതെന്നും നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ, ഞങ്ങൾ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഈ ജനബാഹുല്യം നൽകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. എം.വിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ്: ജില്ലയിലെ മൂന്നാം വേദിയായ തളിപ്പറമ്പിൽ ജനസാഗരം തീർത്തു കാൽലക്ഷത്തിലധികം പേരെത്തി. പരാതി സമർപ്പിക്കാനും ജനനായകരെ കാണാനുമായി രാവിലെ മുതൽ ആളുകളുടെ ഒഴുക്കായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി തികഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് മന്ത്രിമാരെ സ്വീകരിച്ചത്. മിനേഷ് മണക്കാടിന്റെയും പ്രമോദിന്റെയും ഗാനമേളയോടെയായിരുന്നു തളിപ്പറമ്പിലെ കലാപരിപാടികളുടെ തുടക്കം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വാഗതഗാനത്തോടെ വേദിയിലേക്ക് ആനയിച്ചു. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, പി. പ്രസാദ്, വി.എൻ. വാസവൻ എന്നിവർ സംസാരിച്ചു.
ശ്രീകണ്ഠപുരം: രാത്രി വൈകിയും ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി മലയോര മണ്ണിന്റെ സിരാ കേന്ദ്രമായ ശ്രീകണ്ഠപുരത്ത് ജില്ലയിലെ ആദ്യദിനം നവകേരള സദസ്സിന്റെ സമാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും ബസ് സ്റ്റാൻഡിലിറങ്ങി സ്വീകരണമായാണ് വേദിയിലേക്കെത്തിയത്. മൂന്ന് മന്ത്രിമാർ നേരത്തെയെത്തിയിരുന്നു. കരഘോഷത്തോടെയും പുസ്തകം സമ്മാനിച്ചുമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.
യു.ഡി.എഫ് മണ്ഡലമായതിനാൽ സ്ഥലം എം.എൽ.എ ബഹിഷ്ക്കരിച്ച ജില്ലയിലെ ആദ്യ പരിപാടിയും ഇരിക്കൂർ മണ്ഡലത്തിലാണ് നടന്നത്. ഇരിക്കൂർ എം.എൽ.എ പരിപാടിയിൽ പങ്കെടുക്കാത്തതിനെ എടുത്ത് പറഞ്ഞാണ് പിണറായി പ്രസംഗിച്ചത്. വികസനത്തിൽ രാഷ്ട്രീയമില്ലാതെ സർക്കാർ മുന്നോട്ടു പോകുമ്പോൾ പ്രതിപക്ഷം എല്ലാം ബഹിഷ്ക്കരിക്കുകയാണെന്നും അവധാനതയില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച നിവേദനം സംഘാടക സമിതി ചെയര്മാന് ഫാ. ജോസഫ് കാവനാടിയില്‍ മുഖ്യമന്ത്രിക്ക് നല്കി. ലളിതകലാ അക്കാദമി വൈസ് ചെയര്മാന് എബി എന്‍. ജോസഫിന്റെ നേതൃത്വത്തിൽ ഏഴു ചിത്രകാരന്മാര് വരച്ച ചിത്രങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപഹാരമായി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.