നവകേരള സദസ്സ്: കുട്ടികളെ അയക്കാനുള്ള ഉത്തരവ് ഉദ്യോഗസ്ഥരുടെ പിഴവെന്ന് സർക്കാർ
text_fieldsകൊച്ചി: നവകേരള സദസ്സിന് സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനും സ്കൂൾ ബസ് വിട്ടുനൽകാനുമുള്ള ഉത്തരവുകൾ ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റെന്ന് സർക്കാർ ഹൈകോടതിയിൽ. ഈ ഉത്തരവുകൾ പിൻവലിച്ചതായും തെറ്റായ ഉത്തരവിറക്കിയത് സംബന്ധിച്ച് പരിശോധിക്കുമെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. തുടർന്ന്, ഇക്കാര്യം രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന താക്കീത് നൽകണമെന്ന നിർദേശവും നൽകി.
സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് കാസർകോട് സ്വദേശി ഫിലിപ് ജോസഫ്, സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡിയുടെ ഉത്തരവിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് എന്നിവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കേരള വിദ്യാഭ്യാസ ചട്ടപ്രകാരമേ പ്രവർത്തിക്കാനാവൂ എന്നിരിക്കെ എങ്ങനെയാണ് ഇവർക്ക് ഇത്തരം ഉത്തരവുകൾ നൽകാനാവുകയെന്ന് കോടതി ആരാഞ്ഞു. ഉത്തരവുകൾ തെറ്റാണെന്ന് സർക്കാർ പറയുന്ന സ്ഥിതിക്ക് ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടതല്ലേ. ഇവർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ പിന്തുണക്കുന്നതെന്തിനാണ്. ഇവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത് ആവർത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബസുകൾ വിട്ടുനൽകണമെന്ന് പറയുന്നതിനെക്കാൾ ഗൗരവമുള്ളതാണ് കുട്ടികളെ വിടണമെന്ന ഉത്തരവ്. നാടിന്റെ അമൂല്യ സമ്പത്താണ് കുട്ടികൾ. ബസുകൾ ചീത്തയായാൽ ഉപേക്ഷിക്കാം. കുട്ടികളെ അങ്ങനെ ചെയ്യാനാവില്ല.
ഈ ഉത്തരവുകൾ കുട്ടികളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും കോടതി പറഞ്ഞു. എന്നാൽ, തെറ്റായ ഉത്തരവുകൾ പിൻവലിച്ച സാഹചര്യത്തിൽ തുടർനടപടി ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.