'ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ല, ക്ഷണം കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍'
text_fieldsകോട്ടയം: ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രമായ 'വീക്ഷണം' നൽകിയ മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് എം മുഖപത്രം 'നവ പ്രതിച്ഛായ'. 'വിഷ വീക്ഷണത്തിന്‍റെ പ്രചാരകർ' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ലെന്ന് പറയുന്നു. കേരള കോൺഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞുവെന്നും ലേഖനം അവകാശപ്പെടുന്നു.
മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് വീക്ഷണം പത്രാധിപരെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. കെ.എം. മാണി ഉൾപ്പെടെയുള്ളവർ യു.ഡി.എഫിന് രൂപംനൽകുമ്പോൾ, ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ പോലും ഇട്ടിരുന്നില്ലെന്നും വിമർശനമുണ്ട്.
യു.ഡി.എഫ് കേരള കോൺഗ്രസിനെ ചതിച്ച് ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നുവെന്നും പ്രതിച്ഛായ ആരോപിച്ചു. കെ.എം. മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചവരിൽ കോൺഗ്രസ് മുഖങ്ങൾ തിളങ്ങിനിന്നു. എൽ.ഡി.എഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നു. വീക്ഷണം പത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാർക്കു മിനിമം ചരിത്രബോധം വേണം. കേരള കോൺഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് വീക്ഷണം മുഖപ്രസംഗത്തിന് പിന്നിലെന്നും പ്രതിച്ഛായ ലേഖനത്തിൽ പറയുന്നു.
ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണിയിലുയർന്ന അവകാശവാദത്തിന്റെയും തർക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം രംഗത്തെത്തിയത്. ആർ.എസ്.പിയുടെയും ജനതാദളിന്റെയുമെല്ലാം അനുഭവങ്ങൾ അടിവരയിട്ട് ഘടകകക്ഷികളോടുള്ള സി.പി.എം സമീപം വിശദീകരിച്ച ശേഷം ‘സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന് വെന്തുരുകാതെ യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നാണ്’ ജോസിനുള്ള വീക്ഷണത്തിന്‍റെ ഉപദേശം.
എന്നാൽ, ക്ഷണത്തെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ രംഗത്തെത്തിയിരുന്നു. മുഖപ്രസംഗത്തിലെ ആവശ്യം അനവസരത്തിലുള്ളതാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ യു.ഡി.എഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് തുറന്നടിച്ചത്. യു.ഡി.എഫിലെ ജോസഫ് വിഭാഗവും അതൃപ്തി പരസ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.