നിരവധി ഇളവുകളോടെ നവകേരള ബസ്: ഇളവിന് അപേക്ഷിച്ചത് ബിജുപ്രഭാകർ, അനുവദിച്ചതും ബിജുപ്രഭാകർ!
text_fieldsതിരുവനന്തപുരം: നവകേരള സദസ്സിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്‍റെ രജിസ്ട്രേഷന് വ്യവസ്ഥകളിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ് വിജ്ഞാപനം. കോൺട്രാക്ട് കാര്യേജായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിലും ഇത്തരം ബസുകൾക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന നിറം സംബന്ധിച്ച മാനദണ്ഡം ‘നവകേരള’ ബസിന് ബാധകമാവില്ലെന്നതാണ് ഇളവുകളിൽ ഒന്ന്. നിലവിലെ മാനദണ്ഡപ്രകാരം കോൺട്രാക്ട് കാര്യേജുകൾക്ക് വെള്ള നിറമാണ്. മാത്രമല്ല സ്റ്റിക്കറുകളും പാടില്ല.
എ.സി പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച സാേങ്കതിക ക്രമീകരണങ്ങൾ അധികമായി ഏർപ്പെടുത്തുന്നത് സംബന്ധിച്ചതാണ് രണ്ടാമത്തെ ഇളവ്. രണ്ട് തരം എ.സി പ്രവർത്തനസജ്ജീകരണമാണ് ബസിലുള്ളത്. ബസ് നിർത്തിയിടുന്ന അവസരങ്ങളിൽ പുറത്തുനിന്നുള്ള വൈദ്യുതിയുമായി ബന്ധിപ്പിച്ച് എ.സി പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനമാണ് അധികമായി ഏർപ്പെടുത്തിയത്. ഓടുന്ന അവസരങ്ങളിൽ ഇന്ധനത്തിൽ നിന്നുള്ള ഊർജം കൊണ്ട് എ.സി പ്രവർത്തിപ്പിക്കുന്ന നിലവിലെ സംവിധാനത്തിന് പുറമേയാണിത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്റ്റാൻഡേർഡ്സ് (എ.ഐ.എസ്) പ്രകാരം ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് വിജ്ഞാപനം വിശദീകരിക്കുന്നത്.
ബസിനുള്ളിൽ 180 ഡിഗ്രിയിൽ കറങ്ങുന്ന സീറ്റുകൾ ഏർപ്പെടുത്താനും ഇളവുണ്ട്. വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഇൻവേർട്ടറിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് മറ്റൊന്ന്. സൗകര്യത്തിന് പുറമേ യാത്ര ചെയ്യുന്ന വി.വി.ഐ.പികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വ്യവസ്ഥകളിൽ ഇളവനുവദിച്ചതെന്ന് വിജ്ഞാപനം പറയുന്നു. സർക്കാറിനും സർക്കാർ നിർദേശിക്കുന്ന വി.വി.ഐ.പികൾക്കും ബസ് ആവശ്യപ്പെടുമ്പോൾ വിട്ടുനൽകണം.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായാണ് കോൺട്രാക്ട് ബസ് രജിസ്റ്റർ ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗതാഗത സെക്രട്ടറി കൂടിയായ ബിജുപ്രഭാകർ ഇളവുകൾ അനുവദിച്ച് വിജ്ഞാപനമിറക്കിയതെന്നാണ് മറ്റൊരു കൗതുകം. 12 മീറ്ററാണ് ഡീസലിൽ പ്രവർത്തിക്കുന്ന ബസിെൻറ നീളം. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള സ്റ്റിക്കറുകൾ ബസിന് പുറത്ത് പതിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സീറ്റ് ഏത് വശത്തേക്കും തിരിക്കാം
ബസിൽ ആകെ 25 സീറ്റുകളാണുള്ളത്. ഏറ്റവും മുന്നിൽ ഏത് വശത്തേക്കും തിരിക്കാവുന്ന സീറ്റാണ് മുഖ്യമന്ത്രിക്കായുള്ളത്. 11 ലക്ഷം നിർമാണച്ചെലവുള്ള ബയോ ടോയ്ലറ്റ്, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, ഡൈനിങ് ഏരിയ, വാഷ് ബേസിൻ എന്നിവയുമുണ്ട്.
യാത്രക്കാർ 25 പേർ
മുഖ്യമന്ത്രി, 20 മന്ത്രിമാർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ മൂന്ന് ജീവനക്കാർ എന്നിവരാകും ബസിൽ യാത്രചെയ്യുക. ബസ് ജീവനക്കാർക്കുള്ള പരിശീലനം ഇതിനകം കെ.എസ്.ആർ.ടി.സി നൽകിയിട്ടുണ്ട്. 1.05 കോടിയാണ് ബസിന്‍റെ വില. ഷാസിക്കുമാത്രം 44 ലക്ഷം വരും.
ബംഗളൂരുവിലെ ലാൽബാഗിനടുത്ത പ്രകാശ് എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസിന്റെ ബോഡി ബിൽഡിങ് യാർഡിൽനിന്ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ ബസ് കേരളത്തിലേക്ക് കൊണ്ടുപോയി. മാണ്ഡ്യയിലെ ഫാക്ടറിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിൽ എത്തിച്ച ബസ് നവകേരള സദസ്സ് തുടങ്ങുന്ന കാസർകോട്ടേക്കാണ് പോയത്.
മെറൂൺ നിറത്തിലുള്ള ബസിൽ സ്വർണനിറത്തിൽ കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം ഉൾകൊള്ളുന്ന വിവിധ ചിത്രങ്ങൾ ഉണ്ട്.
ബസിന്‍റെ നമ്പർ പ്ലേറ്റ് മറച്ചുവെച്ച നിലയിലായിരുന്നു. വശങ്ങളിൽ KA01 TC28 എന്ന നമ്പർ ഉള്ള സ്റ്റിക്കർ പതിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനമാണെന്നും ആരും ഫോട്ടോ എടുക്കരുതെന്നും സ്ഥാപനത്തിന്റെ സുരക്ഷ ജീവനക്കാർ ബസ് പുറപ്പെടുമ്പോൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.
എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് ആണ് ബോഡി നിർമിച്ചത്. ഭാരത് ബെൻസിന്റെ 1624 നമ്പർ മോഡൽ ഷാസി കഴിഞ്ഞ സെപ്റ്റംബറിലാണ് ബോഡി നിർമാണത്തിനായി ബംഗളൂരുവിലെ സ്ഥാപനത്തിന് കൈമാറിയത്. നവകേരള സദസ്സ് കഴിഞ്ഞാൽ ബജറ്റ് ടൂറിസം സേവനത്തിനായി ബസ് ഉപയോഗിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.