നവകേരള ബസ് ദിവസ വാടകക്ക്; നിരക്ക് നിശ്ചയിക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ടൂറിസം സർവിസുകൾക്കായി മുഖവും മുഖ്യമന്ത്രിക്കസേരയും മാറ്റിയെത്തുന്ന നവകേരള ബസിന്‍റെ വാടക നിരക്ക് നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി നിർദേശം നൽകി. കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര പദ്ധതിക്കായി വിട്ടുകിട്ടുന്ന ബസ് ദിവസ വാടക അടിസ്ഥാനത്തിലായിരിക്കും നൽകുക.
നവകേരള സദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചശേഷം ബംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബില്‍ഡേഴ്‌സിലേക്ക് കൊണ്ടുപോയ ബസ്, പൊളിച്ചുപണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. നവകേരള ബസിന്‍റെ വി.ഐ.പി ആഡംബരങ്ങളെല്ലാം ഒഴിവാക്കി സാധാരണ ടൂറിസ്റ്റ് ബസായി മാറ്റാനാണ് തീരുമാനം. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ലിഫ്റ്റും വശങ്ങളിലെ കല്ലേറില്‍ തകരാത്ത ഗ്ലാസും നീക്കം ചെയ്യും. ടോയ്ലറ്റ് നിലനിർത്തുമെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തും.
വി.ഐ.പി സുരക്ഷക്കുവേണ്ടി നവകേരള ബസില്‍ ഒരുക്കിയിരുന്ന സജ്ജീകരണങ്ങളും നീക്കം ചെയ്യും. നിലവിലെ എ.സി സംവിധാനം മാറ്റും. പകരം സാധാരണ ബസുകളില്‍ ഉപയോഗിക്കുന്ന റൂഫ്‌ടോപ് എ.സി മാത്രമാകുമുണ്ടാകുക. ബസ് നിര്‍ത്തിയിട്ടിരിക്കുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന സ്പ്ലിറ്റ് എ.സി, ജനറേറ്റര്‍, ഇന്‍വര്‍ട്ടര്‍ എന്നിവ ഒഴിവാക്കും.
സാധനങ്ങള്‍ വെക്കാന്‍ പിന്നില്‍ ഇടമുണ്ടാക്കുന്നതിനായി സീറ്റുകള്‍ പുനഃക്രമീകരിക്കും. കുടുംബാവശ്യങ്ങള്‍ക്കും ബസ് വാടകക്ക് നല്‍കും. ഇതിനായി ഫ്രിഡ്ജും മൈക്രോവേവ് ഓവനും ഘടിപ്പിക്കും.
1.15 കോടി രൂപ ചെലവിട്ടാണ് നവകേരള സദസ്സിനായി ബസ് വാങ്ങിയത്. ബസിന് വഴിയൊരുക്കാന്‍ സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതും, പൊലീസ് സുരക്ഷയൊരുക്കിയതുമൊക്കെ വിവാദമായി. യാത്രക്കിടെ, ബസിന്റെ എ.സി കേടായിരുന്നു. കമ്പനിയുടെ സാങ്കേതിക വിദഗ്ധരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.