നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി; ചില്ലുകൾ മാറ്റി
text_fieldsകോഴിക്കോട്: നവകേരള സദസ്സിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകൾമാറ്റി. 1.05 കോടി രൂപ മുടക്കി നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുമാറ്റിയത്.
വടകരയിലെ നവകേരള സദസ്സിനു ശേഷം ഇന്നലെ രാത്രി 10മണി കഴിഞ്ഞാണ് കോഴിക്കോട്ട് നടക്കാവ് വർക്ഷോപ്പിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയത്. 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് ഇവിടെ എത്തിച്ചത്. വിവരം രഹസ്യമായിരിക്കാൻ സി.പി.എം അനുകൂല യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂവെന്നും പറയപ്പെടുന്നു.
ബെംഗളൂരുവിൽനിന്ന് ബസ് നിർമിച്ച സ്ഥാപനത്തിലെ ജീവനക്കാർ കോഴിക്കോട്ട് എത്തിയിരുന്നു. ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു.
ഇന്നലെ മാനന്തവാടിയിൽ നവകേരള സദസ്സിനായി എത്തിയപ്പോൾ ബസ് ചളിയിൽ താഴ്ന്നിരുന്നു. പിൻ ടയറുകൾ നല്ലരീതിയിൽ താഴ്ന്നുപോയതിനാൽ കയർ കെട്ടി വലിച്ചും പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയുമാണ് ബസിനെ ചളിയിൽനിന്ന് കരകയറ്റിയത്.
മാനന്തവാടിയിലെ വേദിയായ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ബസ് താഴ്ന്നത്. സുൽത്താൻ ബത്തേരിയിൽനിന്ന് അഞ്ചരയോടെയാണ് മന്ത്രിമാരുടെ സംഘം മാനന്തവാടിയിലെത്തിയത്. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനാണ് ആദ്യം ശ്രമിച്ചത്. ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചളിയിൽ ടയറുകൾ കറങ്ങി ബസ് നിന്നു.
ചളിയിൽനിന്ന് കരകയറ്റിയ ശേഷം ബസ് പ്രധാന റോഡിലേക്ക് മാറ്റിയിട്ടു. നവകേരള സദസ്സ് കഴിഞ്ഞശേഷം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും വാഹനത്തിലാണ് ബസ് നിർത്തിയിട്ട റോഡിനു സമീപം എത്തിച്ചത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ എന്നിവർ നടന്നാണ് റോഡിലെത്തിയത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും പെയ്ത കനത്ത മഴയാണ് തിരിച്ചടിയായത്. മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പരാതി സ്വീകരിക്കുന്ന സ്ഥലവും മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.