നവകേരള സദസ്സിന് കണ്ണൂരിൽ കല്ലുകടി
text_fieldsകണ്ണൂർ: മഞ്ചേശ്വരത്ത് മികച്ച നിലയിൽ തുടങ്ങിയ നവകേരള സദസ്സ് കണ്ണൂരിലെത്തിയപ്പോൾ കരിങ്കൊടി വിവാദത്തിൽ തട്ടി കല്ലുകടി. തിങ്കളാഴ്ച പയ്യന്നൂരിലും കല്യാശ്ശേരിയിലും വൻ ജനക്കൂട്ടത്തിന്റെ ആശീർവാദമേറ്റ് തളിപ്പറമ്പിലേക്ക് പോകുന്ന മധ്യേ യൂത്ത് കോൺഗ്രസുകാർക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണമാണ് യാത്രയുടെ ‘ഗതി’തന്നെ മാറ്റിയത്. കണ്ണൂരിൽ രണ്ടാംദിവസം നടന്ന നവകേരള സദസ്സിലെ മുഖ്യവിഷയവും ഈ ആക്രമണം തന്നെയായി.
പരിപാടിയുടെ ശോഭ കെടുത്താൻ അജണ്ടയുമായി വരുന്നവർക്ക് അവസരം കൊടുക്കരുതെന്നും എന്ത് പ്രകോപനമുണ്ടായാലും സംയമനം പാലിക്കണമെന്നുമാണ് അക്രമം നടന്ന തിങ്കളാഴ്ച വൈകീട്ട് മുഖ്യമന്ത്രി തളിപ്പറമ്പിലെ വേദിയിൽ സംസാരിച്ചത്. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഡി.വൈ.എഫ്.ഐ നടപടിയെ പരോക്ഷമായി തള്ളുന്ന നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്.
എന്നാൽ, സ്വന്തം നിലപാട് പിറ്റേന്ന് രാവിലെ മുഖ്യമന്ത്രിതന്നെ തിരുത്തുന്നതാണ് പിന്നീട് കണ്ടത്. കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാർ ക്രൂരമായി മർദിച്ച സംഭവമേ അറിയാത്ത മട്ടിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കരിങ്കൊടിയുമായി വാഹനത്തിനു മുന്നിലേക്ക് ചാടിയവരെ രക്ഷിച്ചില്ലെങ്കിൽ അവർ എന്താവുമായിരുന്നുവെന്നും ഡി.വൈ.എഫ്.ഐക്കാർ ചെയ്തത് ആ നിലക്ക് ജീവൻ രക്ഷാരീതിയെന്നുമാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തപ്പോഴാണ് ആഭ്യന്തരമന്ത്രിയുടെ ‘ജീവൻരക്ഷ’ തമാശ. മുഖ്യമന്ത്രി മാതൃകാപ്രവർത്തകരെന്ന് പറയുന്ന ഇരുപതോളം പേർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്ത് മണിക്കൂറുകൾക്കകമാണ് കുറ്റക്കാർക്കൊപ്പമുള്ള ന്യായീകരണം.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കുന്നില്ലെന്നും പൗരപ്രമുഖരെ കണ്ട് മടങ്ങുകയുമാണെന്ന പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിച്ചു വരുന്നതിനിടെയാണ് ആക്രമികളെ ന്യായീകരിച്ചുള്ള വിവാദത്തിൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.