വെടിക്കെട്ടോടെ നവകേരള സദസ്സിന് സ്വീകരണം
text_fieldsതൃശൂർ: പൂരനഗരിയായ തൃശൂരിൽ നടന്ന നവകേരള സദസ്സ് തേക്കിൻകാട് മൈതാനിയിലെ മറ്റൊരു പൂരക്കാഴ്ചയായി. തൃശൂർ നിയോജക മണ്ഡലത്തിലെത്തിയ മന്ത്രിസഭയെ കാണാനും കേൾക്കാനുമെത്തിയവരെ കൊണ്ട് തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണർ നിറഞ്ഞു. വാനിൽ വർണമഴ പെയ്ത വെടിക്കെട്ടോടെയാണ് നഗരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്. സദസ്സിനെത്തിയവർക്ക് കോർപറേഷൻ സൗജന്യമായി പലഹാരങ്ങളും പഴങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു.
നവകേരള സദസ്സിനോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. സ്റ്റേജിനടുത്ത് ചിത്രരചന മത്സര വിജയികളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
കേരള കലാമണ്ഡലം അവതരിപ്പിച്ച എന്റെ കേരളം ഡാൻസ് ഫ്യൂഷൻ, തൃശൂർ ജനനയന അവതരിപ്പിച്ച നാടൻ കലകൾ -ഫോക്ക് ഈവ്, ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ, തൃശൂർ മെലഡി വോയ്സ് അവതരിപ്പിച്ച ഗാനമേള, ഫലിതപ്രഭാഷകനുമായ നന്ദകിഷോർ അവതരിപ്പിച്ച നന്ദഹാസം, കെ. പ്രേമദാസൻ അവതരിപ്പിച്ച ഓടക്കുഴൽ ഗാനം, സർക്കാർ ജീവനക്കാരുടെ സ്വാഗത ഗാനം, നാടൻ പാട്ട്, ചലച്ചിത്ര നടനും ഫൈൻ ആർട്സ് കോളജ് അധ്യാപകനുമായ കെ.പി. ജിനൻ അവതരിപ്പിച്ച ഓടക്കുഴൽ സംഗീതം എന്നീ പരിപാടികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. രാജീവ്, പി. പ്രസാദ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കോഓഡിനേറ്റർ ജില്ല പ്ലാനിങ് ഓഫിസർ ടി.ആർ. മായ സ്വാഗതവും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി.കെ. ഷാജൻ നന്ദിയും പറഞ്ഞു. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, മുൻ മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു. പ്രത്യേകം തയാറാക്കിയ 17 കൗണ്ടറുകളിലായി പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു.
കാമ്പസുകളിലും സർവകലാശാലകളിലും ഇൻഡസ്ട്രിയൽ പാർക്കുകൾ -മന്ത്രി പി. രാജീവ്
തൃശൂർ: കോളജ് കാമ്പസുകളിലും സർവകലാശാലകളിലും അഞ്ചേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ അനുവദിക്കുമെന്ന് നിയമ - വ്യവസായ മന്ത്രി പി. രാജീവ്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളിൽ വിദ്യാർഥികൾക്ക് പഠന ശേഷവും ജോലി ചെയ്യാനാകും. പഠിച്ച വിഷയത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ വിദ്യാർഥിക്ക് ബോണസ് മാർക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ടുപോകും -മന്ത്രി പി. പ്രസാദ്
തൃശൂർ: എല്ലാ വിഭാഗം ജനങ്ങളെയും കോർത്തും ചേർത്തും പിടിച്ച് എല്ലാ മേഖലകളിലും വികസന മാറ്റങ്ങൾ കൈവരിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം വൈകാതെ സാക്ഷാത്കരിക്കും.
ജില്ലയിൽ നടന്നത് 4012 കോടിയുടെ കുടിവെള്ള പദ്ധതികൾ -മന്ത്രി റോഷി അഗസ്റ്റിൻ
തൃശൂർ: ജില്ലയിൽ 4012 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള ജലജീവൻ മിഷൻ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണ്. പദ്ധതി വഴി 36 ലക്ഷം വീടുകളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സമസ്തമേഖലെയയും സ്പർശിച്ചുള്ള അഴിമതിരഹിത ഭരണം -മന്ത്രി അബ്ദുറഹിമാൻ
തൃശൂർ: സമസ്തമേഖലയിലും സ്പർശിച്ചുള്ള വികസന പ്രവർത്തനങ്ങളോടൊപ്പം സുതാര്യമായ അഴിമതിയില്ലാത്ത ഭരണം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന 70 ശതമാനം ഫയലുകളിൽ തീർപ്പുകൽപിക്കാനായത് വലിയ നേട്ടമാണ്. കിഫ്ബി മുഖാന്തരം ലക്ഷ്യംവെച്ചതിൽ അധികമുള്ള അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി. ഉന്നത വിദ്യാഭ്യാസ രംഗത്തും മികവ് പുലർത്താനായി.
സാധ്യമാകുന്നത് പറയുകയും പറയുന്നത് സാധ്യമാക്കുകയും ചെയ്യുന്ന സർക്കാർ -മന്ത്രി റിയാസ്
തൃശൂർ: സാധ്യമാകുന്നത് പറയുകയും പറയുന്നത് സാധ്യമാക്കുകയും ചെയ്യുന്ന സർക്കാറാണ് നമ്മുടേതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒല്ലൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒല്ലൂർ മണ്ഡലത്തിലെ റോഡുകളിൽ പ്രധാനപ്പെട്ടതാണ് മലയോര പാത. മലയോര പാത സാക്ഷാത്കരിക്കുന്നതോടെ കേരളത്തിലെ കാർഷികമേഖലയിലെ സമഗ്രമായ വികസന കുതിപ്പിനെ വേഗത്തിലാക്കും. കിഫ്ബി, റീബിൽഡ് കേരള പദ്ധതിയിലൂടെ നിരവധി പ്രവൃത്തികളാണ് ഒല്ലൂരിൽ നടക്കാൻ പോകുന്നത്.
പുത്തൂർ സുവോളിക്കൽ പാർക്ക് യാഥാർഥ്യമാവുന്നതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രധാന കേന്ദ്രമായി ഒല്ലൂർ മാറും. ഈ സർക്കാർ അധികാരത്തിലേറ്റതിന് ശേഷമുള്ള ഘട്ടംഘട്ടമായ പരിശ്രമപ്രവർത്തനങ്ങളുടെ ഫലമായാണ് കുതിരാൻ തുരങ്കം നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കിയത്.
രണ്ടര വർഷംകൊണ്ട് കേരളത്തിലെ പൊതുമരാമത്ത് റോഡുകളിൽ പതിനയ്യായിരത്തിലധികം കി.മീ. റോഡുകളാണ് ബി.എം ബി.സി നിലവാരത്തിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.