കുമളിയിൽ നവകേരള ‘െജല്ലിക്കെട്ട്’; ഭയന്നോടി ജനം
text_fieldsകുമളി: ചീറിവരുന്ന കാളവണ്ടികൾ കണ്ട് നാട്ടുകാർ ചിതറിയോടി. കാളകളിൽനിന്ന് രക്ഷപ്പെടാൻ വാഹനയാത്രികരും പെടാപ്പാടുപെട്ടു. നഗരത്തിൽ പലയിടത്തും ഇത് ആവർത്തിച്ചു. ഒരിടത്ത് കാളയില്ലാതെ വണ്ടി ഉരുണ്ടുവന്നതും കൗതുകമായി. തിരക്കേറിയ കുമളി ടൗണിലാണ് നഗരവാസികളെ ഏറെനേരം കുഴപ്പത്തിലാക്കിയ ‘െജല്ലിക്കെട്ട്’ നടന്നത്. നവകേരള സദസ്സിന്റെ പ്രചാരണാർഥം സി.പി.എം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിനിടെ കാളകൾ ലക്ഷ്യം തെറ്റി പാഞ്ഞതാണ് കുഴപ്പങ്ങൾക്ക് കാരണം.
തമിഴ്നാട്ടിലെ വീരപാണ്ടിയിൽനിന്ന് എത്തിച്ച അഞ്ച് കാളവണ്ടിയാണ് ഓട്ടത്തിനിറങ്ങിയത്. നിരപ്പായ മത്സര പാതയിലൂടെ ഓടിപ്പരിശീലിച്ച കാളകളെ തിരക്കേറിയ ടൗണിലേക്ക് ഇറക്കിവിട്ടപ്പോഴുണ്ടായ വെപ്രാളമാണ് കൂട്ടക്കുഴപ്പത്തിന് കാരണമായി പറയുന്നത്. കാളവണ്ടിയോട്ടത്തിന് അകമ്പടി നൽകിയ പൊലീസും രക്ഷ തേടി ഓടിയത് നാട്ടുകാരിൽ ചിരിപടർത്തി. സെൻട്രൽ ജങ്ഷനിലാണ് കാളകൾ പൊലീസിനുനേരെ തിരിഞ്ഞത്.
കുമളി- മൂന്നാർ റോഡിലെ ഒന്നാം മൈലിൽനിന്ന് രാവിലെ 10നാണ് മത്സരം തുടങ്ങിയത്. പതിവില്ലാത്ത വഴിയും വാഹനങ്ങളും കണ്ട കാളകൾ ലക്ഷ്യം തെറ്റി തേക്കടി ബൈപാസ് റോഡിലേക്ക് ഓടിക്കയറി. ഒരു കാളവണ്ടി ജീപ്പിൽ ഇടിച്ച് തകർന്നാണ് ഉരുണ്ടുപോയത്. തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായത്. ശബരിമല തീർഥാടനകാലവും വിനോദ സഞ്ചാരികളുടെ തിരക്കും ഉള്ളപ്പോൾ മത്സരം സംഘടിപ്പിച്ചതിൽ പ്രതിഷേധമുയർന്നു.
കാളവണ്ടിയോട്ടത്തിന് അനുമതി തേടിയിരുന്നില്ലെന്ന് കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണി പറഞ്ഞു. എന്നാൽ, കാളവണ്ടിക്ക് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉണ്ടായിരുന്നു. രണ്ട് സ്വകാര്യ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെങ്കിലും സംഘാടകർ ഇടപെട്ട് ഒത്തുതീർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.