കേരളീയം, നവകേരള സദസ്സ്; കണക്കുകളിൽ ഒളിച്ചുകളി തുടർന്ന് സർക്കാർ
text_fieldsകോട്ടയം: കേരളീയം, നവകേരള സദസ്സ് പരിപാടികളുടെ ചെലവ് കണക്കുകൾ നിയമസഭയിലും മറച്ചുവെച്ച് സർക്കാർ. ഇതുസംബന്ധിച്ച് എം.എൽ.എമാർ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല.
നിയമസഭ സമ്മേളനം ആരംഭിച്ച ജനുവരി 29നാണ് ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. ഇന്നലെ നിയമസഭ സമ്മേളനം അവസാനിക്കുകയും ചെയ്തു.
നേരത്തേ വിവരാവകാശ നിയമപ്രകാരം കേരളീയത്തിന്റെ സ്പോൺസർഷിപ്, വരവുചെലവ് കണക്കുകൾ ഉൾപ്പെടെ ആവശ്യപ്പെട്ട് അപേക്ഷ നൽകിയവർക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് വിവിധ വകുപ്പുകൾ നൽകിയത്.
നിയമസഭയിൽ ഉന്നയിക്കപ്പെട്ട നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നക്ഷത്രമിടാത്ത ചോദ്യങ്ങൾക്കുള്ള മറുപടികൾ രേഖാമൂലം ലഭ്യമാക്കിയിട്ടുമില്ല. നവകേരള സദസ്സിൽ ലഭിച്ച പരാതികൾ, സ്വീകരിച്ച നടപടികൾ, ചെലവ്, മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിന്റെ വിശദാംശങ്ങൾ, ഉപയോഗിച്ച വാഹനങ്ങളുടെ വിശദാംശങ്ങൾ, മണ്ഡലങ്ങളിലെ ചെലവ് എന്നിങ്ങനെയാണ് ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ.
നവകേരള സദസ്സ് നടത്തിപ്പിനായി വ്യാപക പണപ്പിരിവിന് സർക്കാർ അനുമതി നൽകിയിരുന്നു. അതിന്റെ കണക്കുകളും വ്യക്തമാക്കിയിട്ടില്ല. ഇതിന് സമാനമാണ് തിരുവനന്തപുരത്ത് കൊട്ടിഗ്ഘോഷിച്ച് നടത്തിയ കേരളീയത്തിന്റെ കാര്യവും. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു ഇത്. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും സ്പോൺസർഷിപ് കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
എം.എൽ.എമാരായ പി.സി. വിഷ്ണുനാഥും അൻവർ സാദത്തും നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സ്പോൺസർഷിപ് തുക മുഴുവനായും ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പബ്ലിക് റിലേഷൻസ് വകുപ്പ് ചെലവഴിച്ച തുകയുടെ കണക്കുകൾ മാത്രമാണ് ഇതുവരെ പുറത്തുവന്നത്. അതേസമയം, പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ കണക്കും ജനങ്ങൾക്ക് മുന്നിൽവെക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.കെ. ബഷീർ, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മൗനം പാലിച്ചു.
നവകേരള സദസ്സ് സമയത്തെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധനചാർജും മെയിന്റനൻസും ലോഗ് ബുക്കും സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട് ടി. സിദ്ദീഖ് ഉന്നയിച്ച ചോദ്യത്തിന് വിശദ വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതുസംബന്ധിച്ച അൺസ്റ്റാർഡ് ചോദ്യങ്ങൾക്കൊന്നും മറുപടി ലഭ്യമാക്കിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.