നവകേരള സദസ്സിൽ പ്ലസ്ടുവരെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: നവകേരള സദസ്സിൽ പ്ലസ്ടുവരെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈകോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ല. വിദ്യാർഥികൾ നാടിന്റെ സമ്പത്താണെന്നും അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും ഹൈകോടതി സർക്കാറിനെ ഓർമിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നൽകി ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
കണ്ണൂര്‍ പാനൂരില്‍ നവകേരള യാത്രക്കിടെ പൊരിവെയിലത്തു നിന്ന് കുട്ടികള്‍ അഭിവാദ്യം അര്‍പ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. വിഷയത്തിൽ ബാലവകാശ കമ്മീഷൻ ഇടപെട്ട് സ്വമേധയാ കേസെടുത്തിരുന്നു. കുട്ടികള്‍ നിന്നത് പൊരിവെയിലത്തായിരുന്നില്ലെന്നും നല്ല തണലത്തായിരുന്നെന്നും മുഖ്യമന്ത്രി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികളെ സദസ്സിന്റെ ഭാഗമാക്കുന്നതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
അതേസമയം, കുട്ടികളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്നും കോടതിയെ അറിയിച്ചു.
നവകേരള സദസ്സിനു ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയ ഉത്തരവ് പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.