നേട്ടം പറച്ചിലിൽനിന്ന് കടന്നാക്രമണത്തിലേക്ക്
text_fieldsതിരുവനന്തപുരം: സമാപനത്തിലേക്കടുക്കുമ്പോൾ സർക്കാറിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്നതിൽനിന്ന് പ്രതിപക്ഷത്തെ കടന്നാക്രമിക്കുക എന്നതിലേക്ക് നവകേരള സദസ്സിന്റെ ഊന്നൽ മാറുന്നു. സദസ്സുകളിലെ മന്ത്രിമാരുടെ പ്രസംഗങ്ങൾ മുതൽ മുഖ്യമന്ത്രിയുടെ അഭിസംബോധനയും വാർത്തസമ്മേളനങ്ങളും വരെ ശൈലിയിലും ശരീരഭാഷയിലും രാഷ്ട്രീയ ഏറ്റുമുട്ടൽ ലൈനിലാണ്. കാസർകോട്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി എന്നിവരുടെ വേദിയിലെ സാന്നിധ്യമായിരുന്നു സർക്കാർ പരിപാടിയെന്ന് അവകാശപ്പെട്ടിരുന്ന സദസ്സിന്റെ രാഷ്ട്രീയ നിറത്തിന് തെളിവായതെങ്കിൽ, തിരുവനന്തപുരത്തെത്തുമ്പോൾ മന്ത്രിമാർ തന്നെ രാഷ്ട്രീയ പ്രഭാഷകരാകുന്നു. യൂത്ത് കോൺഗ്രസും കെ.എസ്.യുവും നടത്തിയ സമരങ്ങൾ തെരുവുയുദ്ധത്തിൽ കലാശിച്ചതാണ് ഒടുവിലെ പ്രകോപനത്തിന് കാരണം.
പ്രതിഷേധത്തിന് കാരണമെന്തെന്ന് പറയാൻ ഇത്രയധികം അക്രമ സമരങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസുകാരോ മൂത്ത കോൺഗ്രസുകാരോ തയാറായിട്ടില്ലെന്നാണ് അരുവിക്കരയിലെ വേദിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. സമരങ്ങളുടെ പേരിൽ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. സി.ഐമാർക്കടക്കം പരിക്കേറ്റിട്ടും സംയമനമുണ്ടാകുന്നത് സമരക്കാരുടെ മികവാണെന്ന് നേതൃത്വം തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരള സദസ്സിന് ബദലായി കോൺഗ്രസ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിൽ 100 കസേര തികക്കാൻപോലും ആളെ കിട്ടിയില്ലെന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിഹാസം. താൻപ്രമാണിത്തത്തിന് കൈയും കാലും വെച്ച പ്രതിപക്ഷ നേതാവും താൻ ഏത് പാർട്ടിയുടെ പ്രസിഡന്റാണ് എന്നതുപോലും ഓർമില്ലാത്ത കെ. സുധാകരനും ചേർന്ന് സർക്കാറിനെതിരെ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. കേരളത്തിലെ ഇടതു സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഭരണഘടന പദവിയിലുള്ള ചില മാന്യന്മാരും ചേർന്ന് ആദൃശ്യ മുന്നണിയുണ്ടാക്കി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള സദസ്സിൽ ഒരുമിച്ചുകൂടിയവർ ഒരുമിച്ച് ഊതിയാൽ പറന്നുപോകാനേ പ്രതിഷേധിക്കുന്നവരുള്ളൂവെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പരാമർശം. നവകേരള സദസ്സിൽനിന്ന് പ്രതിപക്ഷം ഓടിയൊളിക്കുകയാണെന്നും അടുത്ത കാലത്തൊന്നും ആധികാരത്തിന്റെ ഏഴയലത്ത് എത്തില്ലെന്ന മനോവിഭ്രാന്തിയാണ് കരിങ്കൊടി സമരത്തിന് കാരണമെന്നും മന്ത്രി പി. പ്രസാദ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.