നവകേരള സദസ്സ്: കുണ്ടറയില്‍ ഒരുക്കം പുരോഗമിക്കുന്നു
text_fieldsകുണ്ടറ: ചൊവ്വാഴ്ച നടക്കുന്ന നവകേരള സദസ്സിന് ആതിഥ്യമരുളാന്‍ വിളംബരനാട് ഒരുങ്ങുന്നു. സദസ്സിന് വേദിയാകുന്ന കുണ്ടറ സിറാമിക്സ് ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ ഉയര്‍ന്നുകഴിഞ്ഞു. മുക്കട ജങ്ഷന്‍മുതല്‍ സിറാമിക്സ് ഗ്രൗണ്ട് വരെയുള്ള 200 മീറ്റര്‍ പാതയോരം വര്ണമതിലുകളും ചിത്രപ്പണികളും ചെയ്ത് ചാരുത വരുത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
സദസ്സിന്റെ ദിവസങ്ങള്‍ അടുക്കും തോറും അനുബന്ധപരിപാടികളും കൊഴുക്കുകയാണ്. പള്ളിമണ്‍ ദേവന് കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികള്‍ അരങ്ങേറി. ആശുപത്രിമുക്കില്‍ നടന്ന പരിപാടി ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള ഉദ്ഘാടനം ചെയ്തു. പു.ക.സ കുണ്ടറ ഏരിയ പ്രസിഡന്റ് ജി. സുശീല അധ്യക്ഷതവഹിച്ചു. ലോക്കല്‍ സെക്രട്ടറി പി.പി. ജോസഫ്, ജഗദീശന് എന്നിവര്‍ സംസാരിച്ചു.
വിളംബര റാലി നടത്തി
കെ.എസ്.ടി.എ കുണ്ടറ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളംബര റാലി നടത്തി. ഇളമ്പള്ളൂര്‍ ബി.ആര്.സിയില്‍ നിന്നാരംഭിച്ച റാലി മുക്കട ജങ്ഷനിലെത്തി തിരികെ ബി.ആര്.സിയില്‍ സമാപിച്ചു. ജില്ല ട്രഷറര്‍ വി.കെ. ആദര്‍ശ്കുമാര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ജെ. ശശികല, ജിജു മാത്യു, ഏരിയ പ്രസിഡന്റ് ആര്. ശ്രീരാജ്, സെക്രട്ടറി സി.ഇ. ഷൈലജ, ഷീബ എന്നിവര്‍ പങ്കെടുത്തു. പേരയം പഞ്ചായത്തില്‍ നവകേരള സദസ്സിന്റെ പ്രചാരണാർഥം കൂട്ടയോട്ടം നടത്തി. ജില്ല പഞ്ചായത്ത് അംഗം സി. ബാള്ഡ്വിന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ഷാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാം, ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ബാൾ ബാഡ്മിന്റന്‍ മത്സരം
നവകേരള സദസ്സിന്റെ പ്രചാരണാർഥം കുണ്ടറ ഇനാമില്‍ ഗ്രൗണ്ടില്‍ നടന്ന അഖിലകേരള ബാള്‍ബാഡ്മിന്റന്‍ മത്സരം സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുരഭി അധ്യക്ഷതവഹിച്ചു. ശിവപ്രസാദ്, എം. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.
ഹെല്പ് ഡെസ്ക്
പെരിനാട് പഞ്ചായത്ത് നാന്തിരിക്കല്‍ പകല്‍വീട്ടില്‍ നവകേരള സദസ്സ് പരാതി സമര്‍പ്പിക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് ആരംഭിച്ചു. പുനുക്കൊന്നൂര്‍ മണ്ഡലം ജങ്ഷന് മംഗളോദയം ഗ്രന്ഥശാലയില്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീശന് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പന് കേരളപുരം അധ്യക്ഷതവഹിച്ചു.
സെക്രട്ടറി എന്‍. പ്രഭാകരന് പിള്ള, പഞ്ചായത്ത് അംഗം ഷേര്‍ളി സത്യദേവന്, പി. പുഷ്പരാജ്, എസ്. സമന്തഭദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്പ് ഡെസ്ക് ഗ്രന്ഥശാലയുടെ പുതിയ ഹാളില്‍ വൈകീട്ട് അഞ്ച് മുതല്‍ എട്ടുവരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.