നവകേരള സദസ് : കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ കാമ്പിന് തുടക്കം
text_fieldsതിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലം നവകേരള സദസിനോട് അനുബന്ധിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു കാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ കേരളമെന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും നവകേരള സദസിന്റെ ഭാഗമായുള്ള മെഡിക്കൽ കാമ്പുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.
നവകേരള സദസിന്റെ പ്രചരണാർത്ഥം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും മെഡിക്കൽ കാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, ഉള്ളൂർ, കരിക്കകം, കടകംപള്ളി, ആക്കുളം, ആറ്റിപ്ര വാർഡുകളിൽ നടന്ന ആദ്യ ഘട്ട മെഡിക്കൽ കാമ്പിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മെഡിക്കൽ കോളജ്, ഡെന്റൽ കോളജ്, സർക്കാർ കണ്ണാശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, കാഴ്ച പരിശോധന, രക്ത പരിശോധന ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സേവനം കാമ്പിൽ ഉണ്ടായിരുന്നു. കൂടാതെ സൗജന്യ മരുന്ന് വിതരണവും മെഡിക്കൽ കാമ്പിന്റെ ഭാഗമായി നടന്നു.
ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ കാമ്പ് ഉണ്ടായിരിക്കും.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ്.ജെ. മോറിസ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. നവകേരള സദസ് മെഡിക്കൽ സബ് കമ്മിറ്റി ചെയർമാൻ കല്ലറ മധു, മെഡിക്കൽ സബ് കമ്മിറ്റി കൺവീനർ ഡോ. അൽത്താഫ്, എസ്.എ.റ്റി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ ബീന, സംഘാടക സമിതി ഓർഗനൈസിങ് സെക്രട്ടറി എസ്.പി ദീപക്, മെഡിക്കൽ ഓഫീസർമാരായ ഡോ. ഗീത, ഡോ ശ്രീദേവി എന്നിവരും കാമ്പിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.