Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരപ്രമുഖരുമായി...

പൗരപ്രമുഖരുമായി സംസാരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് ആകാശവാണിയാകുന്നു -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

കോട്ടയം: സര്‍ക്കാരിന്‍റെ അഴിമതി മറച്ചുവക്കാനുള്ള അശ്ലീല നാടകമാണ് നവകേരളസദസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ജനങ്ങളെ ഉപേക്ഷിച്ച് പൗരപ്രമുഖരുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാകുകയും ചെയ്യുന്ന കാഴ്ചയാണ് നവകേരളസദസിലുള്ള മെയ് രണ്ട് മുതല്‍ ജൂണ്‍ നാല് വരെ താലൂക്ക്തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തുകള്‍ നടന്നിരുന്നു. അന്ന് കിട്ടിയ പതിനായിരക്കണക്കിന് പരാതികളില്‍ ഒരെണ്ണെത്തിനെങ്കില്‍ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അഞ്ച് മാസം മുന്‍പ് വാങ്ങിവച്ച പരാതികള്‍ തന്നെയാണ് ഇപ്പോഴും വാങ്ങിവെക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.

നാട്ടുകാരുടെ ചെലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ഇരുന്ന് നന്നായി ഭരിച്ചാല്‍ മതി. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും നെല്ല് സംഭരണം ഫലപ്രദമാക്കാന്‍ ഒരു നടപടിയും എടുത്തില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ഭരണം. അല്ലാതെ ഇതുപോലെ ഇറങ്ങി നടക്കലല്ല ഭരണം. യു.ഡി.എഫ് അനുഭാവികള്‍ ആരും നവകേരളസദസുമായി സഹകരിക്കില്ല.

ഒന്നേകാല്‍ കോടിയോളം ചെലവഴിച്ച് നവകേരളയാത്രക്ക് ബസ് വാങ്ങിയതൊക്കെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് നാണമുണ്ടോ. എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും വെള്ള പെയിന്റ് അടിക്കണമെന്ന് പറഞ്ഞവര്‍ തന്നെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസിന് എല്ലാ ഇളവുകളും നല്‍കിയത്. മറ്റ് ബസുകള്‍ എല്ലാ ജംങ്ഷനുകളിലും പിടിച്ചെടുക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു നിയമവും ജനങ്ങള്‍ക്ക് മറ്റൊരു നിയമവും എന്ന സ്ഥിതിയാണ്.

കേരളത്തില്‍ രാജഭരണകാലമല്ല. രാജാവാണെന്നും രാജഭരണമാണെന്നുമുള്ള ധാരണയിലാണ് മുഖ്യമന്ത്രി. അധികാരം തലക്ക് പിടിച്ചത് കൊണ്ട് ജനാധിപത്യ ഭരണമാണെന്നത് മുഖ്യമന്ത്രി മറന്നു പോയി. നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയൊരു പരിപാടിയാണ് നവകേരളത്തിന്റെ പേരിലുള്ള കെട്ടുകാഴ്ച. ജനങ്ങളുടെ നികുതിപ്പണം എടുത്തുള്ള ധൂര്‍ത്തിനെ അശ്ലീല നാടകമെന്നല്ലാതെ എന്ത് പറയും.

സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ അമര്‍ഷവും പ്രതിഷേധവുമാണ് ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനോടുള്ളത്. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്നത്. ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളെല്ലാം പാളം തെറ്റി. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, സപ്ലൈകോ, ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തകര്‍ന്നു. വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ച് നിര്‍ത്തേണ്ട സപ്ലൈകോയ്ക്ക് 3000 മുതല്‍ 4000 കോടിയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 1500 കോടിയോളം രൂപയാണ് സപ്ലൈകോ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്.

സപ്ലൈകോ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്. ഏഴ് വര്‍ഷം കൊണ്ട് കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയില്‍ നിന്നും നാല്‍പ്പതിനായിരം കോടിയിലേക്ക് വര്‍ധിച്ചു. വൈദ്യുതി ചാര്‍ജ് എല്ലാ വര്‍ഷവും കൂട്ടുമെന്നാണ് മന്ത്രി പറയുന്നത്. കെട്ടിട നികുതിയും വെള്ളക്കരവും വൈദ്യുതി ചാര്‍ജും ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ധനപ്രതിസന്ധിക്ക് മാത്രം ഒരു മാറ്റവുമില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കിയിട്ട് നാല് മാസമായി. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷനും ശമ്പളവുമില്ല. കോടികളുടെ ബാധ്യതയാണ് സര്‍ക്കാര്‍ വരുത്തി വച്ചിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു.

ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം നടത്തുന്നത്. നവകേരള സദസ് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? ഏതെങ്കിലും ജനകീയ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമോ. റബറിന് 250 രൂപയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ അതിന് തയാറായില്ല. 717 കോടി രൂപ ലൈഫ് മിഷന്‍ നീക്കി വച്ചിട്ടി 18 കോടി മാത്രമാണ് നല്‍കിയത്. പരാജയത്തിന്റെയും ദാരിദ്രത്തിന്റെയും കഥയാണ് എല്ലാ വകുപ്പുകളിലും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണം പോലും നല്‍കാത്ത സര്‍ക്കാരാണ് ഈ കെട്ടുകാഴ്ച നടത്തുന്നത്. ജനങ്ങള്‍ ഈ നാടകത്തെ പരിഹസിക്കുകയാണ്.

ഒണാഘോഷം നടത്തിയതിന്റെ പണം പോലും നല്‍കാതെയാണ് രണ്ട് മാസം കഴിഞ്ഞ് കേരളീയം നടത്തിയത്. റോഡിലെ കുഴിയോ വെള്ളക്കെട്ടോ പരിഹരിക്കാന്‍ സാധിക്കാത്തവരാണ് കേരളീയവും നവകേരള സദസും പോലുള്ള കെട്ടുകാഴ്ചകളുമായി വരുന്നത്. ഇതിനെതിരെ ഡിസംബര്‍ 2 മുതല്‍ 22 വരെ 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ അഴിമതികളെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യും. നവകേരള സദസിന് ആളെക്കൂട്ടാന്‍ ഉദ്യോഗസ്ഥരെ വിട്ടിരിക്കുകയാണ്.

കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയില്‍ എത്തിക്കുന്നത്. ഭയപ്പെടുത്തി കൊണ്ട് വരുന്നവരല്ലാതെ ഈ കെട്ടുകാഴ്ച കാണാന്‍ ജനങ്ങളാരും വരില്ല. സര്‍ക്കാരിരിന്റെ കെടുകാര്യസ്ഥതക്ക് ഇരകളായവരെ പങ്കെടുപ്പിച്ച് കൊണ്ടാണ് യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava kerala sadas
News Summary - Navakerala sadas obscene drama; Not a single complaint is said to have been resolved -V.D. Satheesan
Next Story