സുരക്ഷ അവഗണിച്ച് മുഖ്യമന്ത്രിയെ ‘തിരുത്താൻ’ വേദിക്ക് മുന്നിൽ യുവാവ്
text_fieldsപുനലൂർ: വൻ പൊലീസ് സന്നാഹവും വാളണ്ടിയർമാരും ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ‘അല്ല ഒരിക്കലുമല്ല’ എന്ന് വിളിച്ച് പറഞ്ഞ്കൊണ്ട് മദ്യപാനിയും ക്രിമിനൽ കേസിലെ പ്രതിയുമായ യുവാവ് വേദിക്ക് മുന്നിലെത്തിത്തത് പരിഭ്രാന്തി പരത്തി. ഇയാളുടെ പ്രതിഷേധം അവഗണിച്ച് മുഖ്യമന്ത്രി പ്രസംഗം തുടർന്നെങ്കിലും പ്രസംഗത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാനും എല്ലാവരിലും ആശങ്കക്കും ഇടയാക്കി. പുനലൂരിൽ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോഴാണ് ഇയാൾ വേദിയുടെ വലതുഭാഗത്ത് നിന്നും വേലിയും കയർ കെട്ടി തിരിച്ചതും മറി കടന്ന് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്.ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയുള്ളതും നാടിന്റെ പരിപാടിയുമാണെന്ന് മുഖ്യമന്ത്രി പറയവേയാണ് ‘അല്ല ഒരിക്കലുമല്ല’ എന്ന് ആവർത്തിച്ച് പൊലീസിനെതിരെ പറഞ്ഞ് ബഹളമുണ്ടാക്കി ഇയാൾ സദസ്സിന്റെ മുന്നിലേക്ക് വന്നത്. ഇവിടുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അനുനയിപ്പിച്ച് പിടിച്ചിറക്കി വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇയാളെ പൊക്കിയെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോയി. വേദിക്ക് പുറത്ത് ഇയാളെ ഡി.വൈ.എഫ്.ഐക്കാർ ‘കൈകാര്യം ചെയ്ത’ ശേഷം പൊലീസിന് കൈമാറി. പിങ്ക് പൊലീസിന്റെ വാഹനം ആക്രമിച്ചത് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇത് ചിലർ മറ്റുള്ളവരുമായി ഒത്തുചേർന്ന് എക്സ്ക്യൂസിവ് വാർത്ത ഉണ്ടാക്കാൻ ചെയ്യിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇങ്ങനെ കൃത്യമായി ഒരാളെ കാമറുകളുടെ മുന്നിലേക്ക് പറഞ്ഞുവിടുന്നു. എന്നാൽ, ഉദ്ദേശം മനസിലാക്കി പ്രതിഷേധക്കാരനെ പൊലീസുകാർ നേരിട്ട രീതിയും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇത്തരത്തിൽ പല വ്യത്യസ്തമായ രൂപങ്ങളും വരും. പ്രതിഷേധക്കാരെ നാട്ടിൽ എത്ര കണ്ടതാണ്. ഈ പരിപാടി കൊച്ചാക്കുന്നതിനും വിവാദത്തിലാക്കുന്നതിനും ആരും ശ്രമിച്ചാലും നാട്ടുകാർ സമ്മതിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.