തലസ്ഥാനത്തിന്റെ മുഖം മാറുന്നു-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കാൻ പോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് വികസനത്തിന്റെ ഭാഗമാണ്.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബ്, വ്യവസായ പാർക്ക്, വിനോദ കേന്ദ്രം, ടൗൺ ഷിപ്പ് എന്നിവയുമാണ് വിഭാവനം ചെയ്യുന്നുന്നത്.
ടെക്നോപാർക് ഫേസ് നാലിൽ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂനിവേഴ്സിറ്റി പദ്ധതിക്കായി 200 കോടി അനുവദിച്ചു. ഇതിനോട് ചേർന്ന് ടെക്നോസിറ്റിയിലെ 14 ഏക്കറിൽ ഏകദേശം 1,515 കോടി രൂപ ചിലവഴിച്ചുള്ള ഡിജിറ്റൽ സയൻസ് പാർക്ക് ദീർഘവീഷണത്തിന്റെ മറ്റൊരു മാതൃകയാണ്. കേരള സ്പേസ് പാർക്ക്സ് പ്രോജക്ടിന്റെ (കെ- സ്പേയ്സ്) പ്രധാന ഓഫിസിനായി ടെക്നോസിറ്റിയിൽ 20 ഏക്കർ സ്ഥലമാണ് അനുവദിച്ചത്.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ച ഇൻസ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെയും എട്ട് ലാബുകളുടെയും ഉദ്ഘാടനം കഴിഞ്ഞു. നിലവിൽ 88 തരം വൈറസുകൾ ഡിറ്റക്ട് ചെയ്യാനുള്ള സൗകര്യം സ്ഥാപനത്തിലുണ്ട്.
പൂവാറിൽ നിന്ന് ആരംഭിച്ച് കാസർകോട് ജില്ലയിലെ തലപ്പാടിക്ക് സമീപം കുഞ്ചത്തൂരിൽ അവസാനിക്കുന്ന തീരദേശപാത തീരദേശമേഖലയുടെ അടിസ്ഥാനസൗകര്യത്തിൽ വലിയ കുതിപ്പു സൃഷ്ടിക്കും.
കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളെയും മറ്റ് നിരവധി ചെറിയ തുറമുഖങ്ങളെയും ഇത് ബന്ധിപ്പിക്കും. ഹൈവേയുടെ ആകെ നീളം ഏകദേശം 600 കിലോമീറ്ററാണ്. ഈ പദ്ധതിക്ക് 2017 ലെ സംസ്ഥാന ബജറ്റിൽ 6,500 കോടി രൂപയുടെ തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്.
കോവളം മുതൽ ബേക്കൽ വരെ നീളുന്ന 616 കി.മീ. ദൈർഘ്യമുള്ള പശ്ചിമതീര ജലപാതയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.