നിർദേശങ്ങളും ആശങ്കകളും പങ്കുവെച്ച് പ്രഭാത സദസ്സ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നിൽ നിരവധി നിർദേശങ്ങളും ആശങ്കകളും പങ്കുവെച്ച് നവകേരള സദസ്സിന്റെ അവസാന പ്രഭാതയോഗം. തലസ്ഥാനത്ത് ശക്തമായി കൊണ്ടിരിക്കുന്ന ലഹരിവ്യാപനത്തിനെതിരെയും മാഫിയകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് നാടിന്റെ ഭവന നിർമാണമേഖലയിലും മാറ്റം വരേണ്ടതുണ്ടെന്നും ഇതിനായി ‘പാർപ്പിട സാക്ഷരത’ക്ക് രൂപം നൽകണമെന്നും ആർക്കിടെക്റ്റ് ജി. ശങ്കർ ചൂണ്ടിക്കാട്ടി.
എത്ര നിയമങ്ങൾ ഉണ്ടായാലും കുട്ടികൾ മുതൽ വയോധികർവരെ ദിനംപ്രതി ആക്രമിക്കപ്പെടുകയാണെന്നും ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കണമെന്നും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ട്രാൻസ്ജൻഡറുകൾക്ക് തൊഴിലും വീടും ലഭിക്കുന്നതിനായി ലൈഫ് പോലെ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ശ്യാമ എസ്. പ്രഭ ആവശ്യപ്പെട്ടു. കായികതാരങ്ങൾക്ക് ജോലി നൽകുന്നത് പ്രതിവർഷമാക്കണമെന്നും ജോലി ലഭിക്കുന്നവർക്ക് മൂന്നുവർഷമെങ്കിലും പരിശീലനത്തിനുള്ള അവസരം കൂടി സർക്കാർ നൽകണമെന്ന് മുൻ ബോക്സിങ് താരം കെ.സി. ലേഖ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം ഇ.എം. നജീബ് ആവശ്യപ്പെട്ടു.
കേരളീയം, നവകേരള സദസ്സുകളിൽ നിന്ന് സർക്കാരിന് ലഭിച്ച ആശയങ്ങൾ അടുത്ത ബജറ്റിൽ ഉൾപ്പെടുത്തി നയരൂപീകരണം നടത്തണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആവശ്യപ്പെട്ടു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഏറ്റെടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് നടൻ ജോബി ആവശ്യപ്പെട്ടു.
ലഹരിമാഫിയയാണ് യഥാർഥ മാഫിയെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചില സർക്കാരുകളെ സൃഷ്ടിക്കാനും സംഹരിക്കാനുമുള്ള ശക്തിയുള്ളവരാണവർ. അവർക്കെതിരേ ഒരു ദാക്ഷണ്യവുമില്ലാത്ത നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സർക്കാർ ഇടപെടൽ തുടരും.
കുട്ടികളോടൊപ്പം ചെലവഴിക്കാൻ മുതിർന്നവർ കൂടുതൽ സമയം കണ്ടെത്തണം. എല്ലാവരും മൊബൈൽ നോക്കിയിരിക്കുമ്പോൾ കുട്ടികൾ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.