നവകേരള സദസ്സ്: ആദ്യ ദിനം 14,232 പരാതികൾ; ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിൽ
text_fieldsകണ്ണൂർ: നവകേരള സദസ്സിന്റെ ആദ്യദിവസം കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 14,232 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഞ്ചേശ്വരം 1908, കാസർകോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണ് നിവേദനങ്ങളുടെ എണ്ണം.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അറിയാനാകും. രസീത് നമ്പറോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയിൽ കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചക്കുള്ളിലും ജില്ലതല ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കും.
സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ജില്ല ഓഫിസര്‍മാര്‍ വകുപ്പുതല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും. ആദ്യ ദിവസത്തെ തിരക്ക് മുന്‍നിര്‍ത്തി ഇന്നലെ മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന 20 കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ, നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം ബുധനാഴ്ച തലശ്ശേരിയിൽ നടക്കും. രാവിലെ ഒമ്പതിന് കൊടുവള്ളി പേൾവ്യൂ റെസിഡൻസിയിലാണ് യോഗം.
പ്രകൃതിദുരന്തങ്ങൾപോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ മന്ത്രിസഭ യോഗം തലസ്ഥാനത്തിനു പുറത്ത് ചേരാറുണ്ടെങ്കിലും മുഴുവൻ മന്ത്രിമാരുമായി സമ്പൂർണ യോഗം ചേരുന്നത് അപൂർവമാണ്. തലശ്ശേരിയിൽ മന്ത്രിസഭ യോഗത്തിനുശേഷമാണ് നവകേരള സദസ്സിന്റെ ജില്ലയിലെ മൂന്നാം ദിനമായ ബുധനാഴ്ച രാവിലെ 11ന് കൂത്തുപറമ്പ് മണ്ഡലം സദസ്സ് പാനൂർ നുച്ചിക്കാട് മൈതാനത്ത് നടക്കുക.
മുഖ്യമന്ത്രി പരാതിക്കാരെ കാണുന്നില്ല -ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളെ നേരിട്ട് കാണുമെന്ന് പറയുന്ന മുഖ്യമന്ത്രി ഒരു വ്യക്തിയുടെ കൈയിൽനിന്നുപോലും പരാതി വാങ്ങുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ആരും പരാതി പരിശോധിക്കുന്നില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് പരാതി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ആദ്യമായി ജില്ലകളിൽ സ്പീഡ് പ്രോഗ്രാം പരിപാടി നടത്തിയ കരുണാകരൻ ആളുകളുടെ കൈയിൽനിന്ന് പരാതി സ്വീകരിച്ച് അവിടെവെച്ചുതന്നെ ഉത്തരവിടുകയായിരുന്നു. ഉമ്മർ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി നേരിട്ട് പരാതി വാങ്ങി അപ്പോൾതന്നെ തീർപ്പുണ്ടാക്കി.
പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയം മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത് മാർക്സിസ്റ്റ് പാർട്ടി സദസ്സാണ്. നവകേരള സദസ്സിനായി മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർക്കും കാറിൽ സഞ്ചരിക്കാൻ ചെലവ് 12.60 ലക്ഷം രൂപ മതിയെന്നിരിക്കെ 1.05 കോടി മുടക്കി കാരവൻ മാതൃകയിലുള്ള ബസ് വാങ്ങിയത് ധൂർത്തല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.